ചെന്നൈ: മലയാളികളുടെ പ്രിയ തമിഴ് താരങ്ങളിൽ മുൻനിരയിലാണ് ധനുഷ്. താരത്തിന്റെ ചിത്രത്തങ്ങൾക്ക് കേരളത്തിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ധനുഷ് താനെ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ തിരക്കിലാണ് താരമിപ്പോൾ. അടുത്തിടെ ധനുഷ് തന്നെ സംവിധാനം ചെയ്ത് റിലീസ് ആയ 'രായൻ' തീയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ധനുഷ്, നാഗാര്‍ജ്ജുന, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബഹുഭാഷാ ചിത്രമായ 'കുബേര'യുടെ ഗ്ലിംപ്സ് വീഡിയോ റിലീസായിരിക്കുകയാണ്.

ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലറാണെന്നാണ് മനസ്സിലാക്കേണ്ടത്. വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ പോലെയാണ് ഈ രംഗങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ലുക്കില്‍ ടീസറില്‍ ധനുഷിനെ കാണാം. ഒരു മിനിറ്റിൽ താഴെയുള്ള വിഡിയോ ധനുഷ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടു. വീഡിയോയുടെ തെലുങ്ക് പതിപ്പ് പുറത്ത് വിട്ടത് സൂപ്പർ താരം മഹേഷ് ബാബുവാണ്.

പുതിയ അപ്ഡേറ്റ് വന്നതോടെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് കുബേര നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 'കുബേര' ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. നികേത് ബൊമ്മിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രം ഡിസംബറില്‍ തീയറ്ററുകളില്‍ എത്തിയേക്കും.

ഈ കഴിഞ്ഞ മാര്‍ച്ചില്‍ ധനുഷിന്‍റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. പിന്നലെ നാഗാര്‍ജ്ജുനയുടെയും രശ്മികയുടെയും ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. ഒരു പെട്ടി കുഴിച്ചെടുക്കുന്ന രശ്മികയുടെ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. അതേ സമയം ബോളിവു‍ഡ് താരം ജിം സര്‍ഭ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് ടീസര്‍ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.