കൊച്ചി: വേറിട്ട ചിത്രങ്ങൾ വെള്ളിത്തിരയിലെത്തിച്ച് ജനപ്രീതി പിടിച്ചു പറ്റിയ പ്രൊഡക്ഷൻ കമ്പനിയാണ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. 2011ൽ പുറത്തിറങ്ങിയ 'ട്രാഫിക്' എന്ന മലയാള ചിത്രത്തിലൂടെയാണ് ലിസ്റ്റിൻ നിർമ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 14 വർഷങ്ങൾക്ക് ശേഷമാണ് ഈ ടീമിന്റെ ഒന്നുചേരൽ. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'ബേബി ഗേൾ' എന്നാണ് ചിത്രത്തിന്റെ പേര്. ബോബി -സഞ്ജയ് രചന നിർവഹിക്കുന്ന ചിത്രം ത്രില്ലർ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ.

സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ​ഗരുഡന് ശേഷം അരുൺ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ബേബി ഗേൾബേബി ഗേളിനുള്ളത്. കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും.



കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ച് നിർമ്മിച്ച് , കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന, രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരൂഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരേസമയം കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായിരിക്കുകയാണ് ലിസ്റ്റിൻ. പുതുവർഷമായ 2025ൽ മാജിക് ഫ്രെയിസിന്റേതായി ഇനിയും ഒരുപിടി ചിത്രങ്ങളുടെ അനൗൺസ്മെന്റുകൾ ഉണ്ടാകുമെന്നാണ് അറിവ്. അഡ് വെര്‍ടൈസിംഗ് ബ്രിംഗ് ഫോര്‍ത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.