'കെജിഎഫ്', 'സലാർ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സഹസംവിധായകനായ കീർത്തൻ നാദഗൗഡയുടെ നാലര വയസ്സുള്ള മകൻ സോണാർഷ് കെ. നാദഗൗഡ ലിഫ്റ്റ് അപകടത്തിൽ മരിച്ചു. നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ ആണ് ഈ ദുരന്തവാർത്ത സ്ഥിരീകരിക്കുകയും കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തത്. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചതെന്ന് കന്നഡ മാധ്യമമായ കന്നഡപ്രഭ റിപ്പോർട്ട് ചെയ്തു.

കീർത്തൻ നാദഗൗഡയ്ക്കും ഭാര്യ സമൃദ്ധി പട്ടേലിനും സംഭവിച്ച ഈ ദുരന്തത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് പവൻ കല്യാൺ എക്‌സിൽ കുറിച്ചു. നാലര വയസ്സുകാരനായ സോണാർഷിന്റെ മരണം ഹൃദയഭേദകമാണെന്നും, ഈ ദുഃഖത്തെ അതിജീവിക്കാൻ ദമ്പതികൾക്ക് ശക്തി നൽകാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായ 'കെജിഎഫ്', 'സലാർ' എന്നിവയുടെ സെക്കൻഡ് യൂണിറ്റ് ഡയറക്ടറായും സഹസംവിധായകനായും പ്രവർത്തിച്ച് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ വ്യക്തിയാണ് കീർത്തൻ നാദഗൗഡ. മൈത്രി മൂവി മേക്കേഴ്‌സും പ്രശാന്ത് നീലും ചേർന്ന് നിർമ്മിക്കുന്ന ഒരു ഹൊറർ ചിത്രത്തിലൂടെ തെലുങ്കിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസമാണ് ഈ ചിത്രം ലോഞ്ച് ചെയ്തത്.

ലിഫ്റ്റ് അപകടം സംഭവിച്ചതിനെക്കുറിച്ചോ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ കീർത്തൻ നാദഗൗഡയുടെ കുടുംബം ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല. നിലവിൽ പവൻ കല്യാൺ നൽകിയ വിവരങ്ങൾ മാത്രമാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിലേക്ക് എത്തിയിട്ടുള്ളത്.