- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീക്ക് തിയേറ്റർ എക്സ്പീരിയൻസ് ലോഡിങ്; ശ്രദ്ധനേടി 'ലോക: ചാപ്റ്റർ വൺ-ചന്ദ്ര'യുടെ ട്രെയ്‌ലർ; ചിത്രം ഓഗസ്റ്റ് 28ന് പ്രദർശനത്തിനെത്തും
കൊച്ചി: ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന 'ലോക: ചാപ്റ്റർ വൺ- ചന്ദ്ര'യുടെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. കല്യാണി പ്രിയദർശൻ സൂപ്പർഹീറോ വേഷത്തിൽ എത്തുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 28-ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ-റിലീസ് ഇവന്റിൽ വെച്ചാണ് ട്രെയ്‌ലർ ആരാധകർക്കായി സമർപ്പിച്ചത്.
ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം, 'ലോക' എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ അധ്യായമാണ്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നതെന്ന വ്യക്തമായ സൂചന ട്രെയ്‌ലർ നൽകുന്നു. മികച്ച ദൃശ്യങ്ങളും ആവേശം പകരുന്ന പശ്ചാത്തല സംഗീതവും നിറഞ്ഞ ട്രെയ്‌ലർ, ആക്ഷൻ, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കിയ ഒരു സമ്പൂർണ്ണ വിരുന്നായിരിക്കും സിനിമയെന്ന് ഉറപ്പുനൽകുന്നു.
'ചന്ദ്ര' എന്ന് പേരുള്ള സൂപ്പർഹീറോ കഥാപാത്രത്തെയാണ് കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്നത്. നസ്‌ലൻ 'സണ്ണി' എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. തമിഴ് താരം സാൻഡി ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡയായും, ചന്ദു 'വേണു'വായും, അരുൺ കുര്യൻ 'നൈജിൽ' ആയും വേഷമിടുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും പ്രധാന താരനിരയിലുണ്ട്.
വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ നിർമ്മാണ സംരംഭമായ ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. കേരളത്തിൽ വേഫെറർ ഫിലിംസ് നേരിട്ട് വിതരണം ചെയ്യുമ്പോൾ, തമിഴ്‌നാട്ടിൽ എജിഎസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, തെലുങ്കിൽ സിതാര എന്റർടെയ്ൻമെന്റ്സ്, ഉത്തരേന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് പ്രമുഖ വിതരണക്കാർ. അടുത്തിടെ സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.