- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുക്ക് മൈ ഷോയിൽ വിറ്റഴിച്ചത് 5 മില്യൺ ടിക്കറ്റുകൾ; കേരളത്തിൽ നിന്ന് മാത്രം 100 കോടി രൂപ; ബോക്സ്ഓഫീസിൽ തരംഗമായി 'ലോക'
കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' ബോക്സോഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കേരളത്തിൽ നിന്നു മാത്രം 100 കോടി രൂപ കളക്ഷൻ നേടിയ ചിത്രം, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി 5 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ച നേട്ടവും സ്വന്തമാക്കി.
കേരളത്തിലും മറ്റ് ഇന്ത്യൻ വിപണികളിലും ലഭിച്ച മികച്ച സ്വീകാര്യതയാണ് ചിത്രത്തെ ഈ നേട്ടങ്ങളിലേക്ക് എത്തിച്ചത്. സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച മലയാള ചിത്രമായി 'ലോക' മാറി. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയ ചിത്രം, മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വലിയ വിജയമായി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ നേടിയ രണ്ടാമത്തെ മലയാള ചിത്രമെന്ന ഖ്യാതിയും 'ലോക'ക്ക് സ്വന്തമായി.
കൂടാതെ, മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ നേടിയ ചിത്രമായും ഇത് മാറി. വിദേശ വിപണികളിലും ചിത്രം വൻ വിജയം കൈവരിച്ചു. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം, വെറും 24 ദിവസങ്ങൾ കൊണ്ടാണ് മലയാളത്തിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ നേടിയ റെക്കോർഡ് സ്വന്തമാക്കിയത്.
കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യത്തെ ആസ്പദമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്ലിനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അഞ്ച് ഭാഗങ്ങളുള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമാണ് 'ലോക'. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷങ്ങളും ശ്രദ്ധ നേടി.