കൊച്ചി: 'കിംഗ് ഓഫ് കൊത്ത' യുടെ പരാജയത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രമായിരുന്നു 'ലക്കി ഭാസ്‍കര്‍'. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്കർ. ചിത്രത്തിലൂടെ ദുൽഖർ വലിയ തിരിച്ചുവരവാണ് നടത്തിയത്. 100 കോടിക്ക് പുറത്ത് നേടിയ ചിത്രം കേരളത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഒക്ടോബര്‍ 31 നാണ് തിയേറ്ററുകളിലെത്തിയത്.

നവംബര്‍ 28 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. കേരളത്തില്‍ നിന്ന് ചിത്രം 21 കോടി നേടിയപ്പോൾ 111 കോടിയാണ് ആഗോളതലത്തില്‍ ചിത്രത്തിന്റെ കളക്ഷൻ. ഒടിടിയിലും മറ്റൊരു നേട്ടം സ്വന്തമാക്കി. ഒരു മലയാളം നടൻ നായകനായിട്ടുള്ള ചിത്രത്തിന് ലഭിച്ചതില്‍ ഉയര്‍ന്ന തുകയാണ് ദുല്‍ഖര്‍ സിനിമയ്ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയത്. ലക്കി ഭാസ്‍കറിന് ഒടിടിക്ക് 30 കോടിയില്‍ അധികം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലക്കി ഭാസ്‍കര്‍ ഒടിടിയിലും ഹിറ്റ് ചിത്രമായി മാറിയിരുന്നു.

ചിത്രം 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമയാണ്. ഒരു ബാങ്ക് കാഷ്യറുടെ വേഷമാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ലക്കി ഭാസ്കറിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ലക്കി ഭാസ്കറിന് സംഗീതമൊരുക്കിയത് ജി വി പ്രകാശ് കുമാറാണ്, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവി എന്നിവരാണ്.