കൊച്ചി: ലുക്മാൻ നായകനാകുന്ന 'അതിഭീകര കാമുകൻ' എന്ന റൊമാൻ്റിക് കോമഡി ചിത്രത്തിൻ്റെ പുതിയ ഗാനം തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതി പ്രകാശനം ചെയ്തു. 'ഡേലുലു...' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഫെജോയാണ്, വരികൾ ഒരുക്കിയിരിക്കുന്നത് ഹേ കാർത്തിയാണ്. ബിബിൻ അശോക് ആണ് ചിത്രത്തിൻ്റെ സംഗീതം നൽകിയിരിക്കുന്നത്.

'തണുപ്പ്' എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച ബിബിൻ അശോക്, സാഹസം എന്ന ചിത്രത്തിലെ 'ഓണം മൂഡ്' ഗാനത്തിലൂടെയും മന്ദാകിനി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. യുവ സംഗീത സംവിധായകരിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പ്ലസ് ടുവിന് ശേഷം ആറ് വർഷങ്ങൾക്ക് ശേഷം കോളേജിൽ ചേരുന്ന അർജുൻ എന്ന യുവാവിൻ്റെയും തുടർന്നുണ്ടാകുന്ന പ്രണയത്തിൻ്റെയും കഥയാണ് 'അതിഭീകര കാമുകൻ' പറയുന്നതെന്ന് കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നു.

നവംബർ 14 ന് ചിത്രം തിയേറ്ററുകളിലെത്തും. ലുക്മാൻ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, നായികയായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തിൽ മനോഹരി ജോയിയും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. മനോഹരമായ പ്രണയവും രസകരമായ മുഹൂർത്തങ്ങളുമായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ചിത്രമായിരിക്കും ഇത്.

നേരത്തെ പുറത്തിറങ്ങിയ 'പ്രേമവതി...' എന്ന ഗാനം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സിദ്ധ് ശ്രീറാം ആലപിച്ച ഈ ഗാനം പ്രേക്ഷക പ്രീതി നേടിയിരുന്നു. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സരിഗമ സ്വന്തമാക്കിയിട്ടുണ്ട്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിൻ്റെ കളർഫുൾ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.