മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ബയോപിക് 'മാ വന്ദേ' നിർമ്മിക്കുന്ന9ത് 400 കോടിയിലധികം രൂപ ബജറ്റിൽ. ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നരേന്ദ്ര മോദിയുടെ വേഷത്തിലെത്തുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് സിനിമയുടെ അതിഗംഭീര ബജറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ എം. വീർ റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്.

സി.എച്ച്. ക്രാന്തി കുമാർ സംവിധാനം ചെയ്യുന്ന 'മാ വന്ദേ', ഒരു അമ്മയുടെ ദൃഢനിശ്ചയവും മകന്റെ പോരാട്ടവീര്യവും തമ്മിലുള്ള വൈകാരിക ബന്ധത്തിലൂടെയാണ് കഥ പറയുന്നത്. പ്രധാനമന്ത്രിയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ യാത്രകളെ യാഥാർത്ഥ്യബോധത്തോടെയും ആഗോള നിലവാരത്തിലും ആവിഷ്കരിക്കാനാണ് ചിത്രം ലക്ഷ്യമിടുന്നത്. മുതിർന്ന താരങ്ങളായ രവീണ ടണ്ടൻ, ജഗപതി ബാബു, ശരത് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഹോളിവുഡ് താരം ജേസൺ മോമോവ ഒരു പ്രധാന വേഷത്തിനായി സമീപിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. സാങ്കേതിക മികവിൽ വിട്ടുവീഴ്ചയില്ലാതെ ഒരുങ്ങുന്ന ഈ പാൻ-ഇന്ത്യൻ പ്രോജക്റ്റ് വിവിധ ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷിലും പുറത്തിറങ്ങും. ലോകോത്തര നിലവാരമുള്ള ആരി അലക്‌സാ 265 ക്യാമറയും കൂക്ക് ലെൻസുകളും ഉപയോഗിച്ചാണ് ചിത്രീകരണം. വിപുലമായ വിഎഫ്എക്സ് സാങ്കേതികവിദ്യയും അന്താരാഷ്ട്ര പ്രൊഡക്ഷൻ മൂല്യങ്ങളും ചിത്രത്തിന് ഒരു വലിയ സിനിമാനുഭവം സമ്മാനിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.

ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ വലിയ നിരയാണ് 'മാ വന്ദേ'യ്ക്ക് പിന്നിൽ. സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈനും, കെ.കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും, രവി ബസ്രൂർ സംഗീതവും, കിങ് സോളമൻ ആക്ഷൻ കൊറിയോഗ്രാഫിയും, ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു. ഏകദേശം മൂന്ന് വർഷത്തെ നീണ്ട പ്രീ-പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ ഈ മാസം 22-ന് കശ്മീരിൽ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.