- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മൾ അനാഥരാണ്...പക്ഷെ ഗുണ്ടകളല്ല..!!'; മാധവ് സുരേഷിന്റെ 'കുമ്മാട്ടിക്കളി' യൂട്യൂബിൽ റിലീസിന് ഒരുങ്ങുന്നു; നല്ല കിടു പടമെന്ന് നടൻ ജീവ
കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിച്ച 'കുമ്മാട്ടിക്കളി' എന്ന ചിത്രം യൂട്യൂബിലൂടെ സൗജന്യമായി റിലീസ് ചെയ്യുന്നു. തിയേറ്ററുകളിൽ പുറത്തിറങ്ങി ഒരു വർഷത്തോട് അടുക്കുമ്പോഴാണ് ചിത്രം ഓഗസ്റ്റ് 14-ന് തത്സമയ പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം ഇത്തരത്തിൽ യൂട്യൂബിൽ ലൈവ് പ്രീമിയർ നടത്തുന്നത്.
പ്രമുഖ നിർമ്മാണ കമ്പനിയായ സൂപ്പർഗുഡ് ഫിലിംസാണ് ഈ സംരംഭത്തിന് പിന്നിൽ. തമിഴ് നടൻ ജീവയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. "ബ്ലോക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച സൂപ്പർഗുഡ് ഫിലിംസും ആർ.ബി. ചൗധരിയും മുമ്പെങ്ങുമില്ലാത്ത ഈ ദൃശ്യവിസ്മയം നിങ്ങളിലേക്കെത്തിക്കുന്നു. കാണാൻ മാറ്റിവെക്കരുത്, തത്സമയം അനുഭവിച്ചറിയൂ," എന്ന് ജീവ കുറിച്ചു.
തമിഴിൽ ചിമ്പു, വിജയ് തുടങ്ങിയ മുൻനിര താരങ്ങളുടെ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനായ വിൻസെന്റ് സെൽവ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രമാണ് 'കുമ്മാട്ടിക്കളി'. സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയാണ് നിർമ്മാണം. കടപ്പുറവും അവിടുത്തെ മനുഷ്യരുടെ ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മാധവ് സുരേഷിനൊപ്പം ലെന, റാഷിക്, അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകൻ വിൻസെന്റ് സെൽവ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വെങ്കിടേഷ് വി. ഛായാഗ്രഹണവും ഡോൺ മാക്സ് എഡിറ്റിംഗും നിർവഹിച്ചു. ജാക്സൺ വിജയൻ സംഗീതവും ജോഹാൻ ഷെവനേഷ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.