- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള നടി അംബിക അന്തരിച്ചു എന്ന തലക്കെട്ടോടെ തെളിഞ്ഞ വാർത്ത; ആരാധകരെ കണ്ണീരിലാഴ്ത്തി എന്നുവരെ എഴുത്ത്; നൊടിയിടയിൽ സ്വന്തം മരണവാർത്ത ചിരിച്ചുകൊണ്ട് റിയാക്റ്റ് ചെയ്ത് താരം

പ്രമുഖ മലയാള ചലച്ചിത്ര-സീരിയൽ നടി അംബിക മോഹൻ തന്റെ മരണവാർത്ത കണ്ട് ചിരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കെടിവി മീഡിയ എന്ന ഓൺലൈൻ ചാനൽ പുറത്തുവിട്ട വ്യാജ മരണവാർത്തയെ തുടർന്നാണ് നടി രംഗത്തെത്തിയത്. ക്ലിക്ക് ബൈറ്റ് ലക്ഷ്യമിട്ടുള്ള ഈ വ്യാജപ്രചാരണത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
"മരണവാർത്ത. ആരാധകരെ കണ്ണീരിലാക്കി അംബിക മോഹൻ" എന്ന തലക്കെട്ടോടുകൂടിയ തമ്പ്നെയിലായിരുന്നു കെടിവി മീഡിയയുടെ വാർത്തയ്ക്ക്. ഈ വാർത്തയോടൊപ്പം താരം ചിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. "ചിരിച്ചേ പരേത" എന്ന് അംബിക മോഹന്റെ സമീപത്തുണ്ടായിരുന്ന ഒരാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. ഇത്തരം തെറ്റിദ്ധാരണ പരത്തുന്നതും വ്യാജവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട മാധ്യമത്തിനെതിരെ കേസെടുക്കണമെന്നും നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്.
പതിറ്റാണ്ടുകളായി മലയാള സിനിമയിലും സീരിയലുകളിലും സജീവമായ അംബിക മോഹൻ മലയാളികൾക്ക് സുപരിചിതയാണ്. കമൽ സംവിധാനം ചെയ്ത 'മേഘമൽഹാർ' എന്ന ചിത്രത്തിലൂടെയാണ് അംബിക മോഹൻ വെള്ളിത്തിരയിലെത്തിയത്. മുന്നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദിലീപ് നായകനായ 'മീശ മാധവൻ' എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാറിന്റെ ഭാര്യയായെത്തിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'നമ്മൾ' (2002), 'രസികൻ' (2004), 'ചങ്ങാതിപ്പൂച്ച' (2007), 'ഇത് നമ്മുടെ കഥ' (2011), 'അവതാരം' (2014), 'രക്ഷാധികാരി ബൈജു ഒപ്പ്' (2017) എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അംബിക ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹ്രസ്വചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിച്ച അംബിക, നിലവിൽ പ്രമുഖ ചാനലുകളിലെ സീരിയലുകളിൽ സജീവ സാന്നിധ്യമാണ്.


