- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൗമാര താരത്തിനു പോലും ഒന്നരക്കോടി! യുവ നടന്മാര്ക്ക് അഞ്ചുകോടി; ടെക്നീഷ്യന്‍സും കുത്തനെ പ്രതിഫലം കൂട്ടി; മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി
കൊച്ചി: മലയാള സിനിമയുടെ സുവര്‍ണ്ണകാലമെന്നാണ് 2024 അറിയപ്പെടുന്നത്. ആദ്യ ആറു മാസത്തിനുള്ളില്‍ മലയാള സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ 1000 കോടിക്ക് മുകളിലെത്തി. ഒരു ചിത്രം ഇരുനൂറ് കോടി പിന്നിട്ടു. മൂന്ന് ചിത്രങ്ങള്‍ 100 കോടിക്ക് മുകളില്‍ നേടി. നാലുചിത്രങ്ങള്‍ 50 കോടിക്ക് മുകളിലും! 2023- ല്‍ ആകെ 500 കോടി രൂപയായിരുന്നു മലയാള സിനിമയുടെ കളക്ഷന്‍. ഇപ്പോള്‍, കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യന്‍ സിനിമാ രംഗത്ത് ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍ഡസ്ട്രിയായും മലയാളം മാറിയിരിക്കയാണ്. ഓര്‍മാക്സ് മീഡിയയുടെ കണക്കനുസരിച്ച്, കഴിഞ്ഞ ആറു മാസങ്ങളില്‍ ഇന്ത്യയില്‍ നാലിരത്തോളം കോടി രൂപയാണ് ബോക്സ് ഓഫീസ് കളക്ഷന്‍ വന്നത്. അതില്‍ അതില്‍ നാലിലൊന്ന് അയായത് 25 ശതമാനത്തോളം മലയാളം സിനിമകളുടേതാണ്! ചരിത്രത്തില്‍ ആദ്യമാണ് ഇതുപോലെ ഒരു വിജയം.
പക്ഷേ ഈ വിജയത്തിളക്കങ്ങള്‍ക്കിടയിലും മലയാള സിനിമ പ്രതിസന്ധിയിലേക്ക് പോവുകയാണെന്നാണ് നിര്‍മ്മാതക്കള്‍ പറയുന്നത്. അതിന് കാരണമായി പറയുന്നത്, ഈ വിജയം മുതലെടുത്ത് താരങ്ങളും ടെക്നീഷ്യന്‍സും കുത്തനെ പ്രതിഫലം കൂട്ടിയതാണ്. ഇപ്പോള്‍ ഒരു മലയാള സിനിമ പിടിക്കാന്‍ ചുരുങ്ങിയത് 15 കോടിയെങ്കിലും വേണ്ട അവസ്ഥയാണ്. ഒടിടി മലയാള ഇന്‍ഡസ്ട്രിയെ ഏതാണ്ട് കൈയൊഴിഞ്ഞ സമയമായതുകൊണ്ട് ഇത്രയും തുക തീയേറ്റര്‍ കളക്ഷനായി നേടിയെടുത്ത് വിജയിപ്പിക്കുന്ന സസാധ്യമായ കാര്യമാണെന്നാണ് നിര്മ്മതാക്കാള് പറയുന്നത്.
ഇന്നലെ വന്ന നടനും ഒന്നരക്കോടി!
താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക് കത്തുനല്‍കി. പ്രതിഫലം താങ്ങാനാകാതെ ചില മുന്‍നിരനായകരുടെ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിച്ചിരിക്കുകയാണ്.നാലുകോടിക്കു മുകളിലാണ് എല്ലാ മുന്‍നിര നായകരുടെയും പ്രതിഫലം. മലയാളത്തിലെ ഒരു പ്രധാന യുവതാരം പുതിയ ചിത്രത്തിന് ആവശ്യപ്പെട്ടത് അഞ്ചുകോടി രൂപയാണ്. ഈ സിനിമ പൂര്‍ത്തിയാകുമ്പോള്‍ ആകെ ചെലവ് 15 കോടിയിലധികമാകും. ഒ.ടി.ടി. പ്ലാറ്റ്ഫോമുകള് വലിയ തുകയ്ക്ക് സിനിമവാങ്ങുന്നത് അവസാനിപ്പിച്ചതോടെ ഈ മുടക്കുമുതല്‍ തിേയറ്ററില്‍ നിന്നു മാത്രം തിരികെപ്പിടിക്കുക അസാധ്യമായി. മറ്റുചില സൂപ്പര്‍താര സിനിമകളും പ്രതിഫലത്തര്‍ക്കത്തില്‍ പ്രതിസന്ധിയിലാണ്. ഹിറ്റുസിനിമകളിലെ നായകനായ കൗമാരതാരംപോലും ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപയാണ്. ഛായാഗ്രാഹകരില്‍ ചിലര്‍ ദിവസവേതനം ആക്കിക്കഴിഞ്ഞു. പ്രശസ്ത യുവ ഛായാഗ്രാഹകന്‍ ഒരു ദിവസത്തിന് ആവശ്യപ്പെടുന്നത് ഒരുലക്ഷം രൂപയാണ്. സഹായികളുടെ പ്രതിഫലം കൂടാതെയാണിത്.
പ്രധാന സംഗീതസംവിധായകര്‍ പ്രതിഫലത്തിന് പകരം സിനിമയുടെ മ്യൂസിക് റൈറ്റ്സ് ആണ് വാങ്ങുന്നത്. ഇവര്‍ അത് വന്‍തുകയ്ക്ക് മ്യൂസിക് കമ്പനികള്‍ക്ക് വില്‍ക്കും. മുമ്പ് മ്യൂസിക് റൈറ്റ്സ് വിറ്റിരുന്നത് നിര്‍മാതാവായിരുന്നു. ഫലത്തില്‍ തിയേറ്റര്‍ വരുമാനത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കേണ്ട അവസ്ഥയിലാണ് നിര്‍മാതാക്കളിപ്പോള്‍.വന്തുകമുടക്കിയാലും തിരികെക്കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് 'അമ്മ'യ്ക്ക് കത്തുനല്‍കിയത്. പുതിയ ഭാരവാഹികളുടെ ആദ്യയോഗത്തില്‍ ഇത് ചര്‍ച്ചയാകുമെന്നാണു കരുതുന്നത്. സാങ്കേതികവിദഗ്ധരുടെ പ്രതിഫലത്തെക്കുറിച്ച് ഫെഫ്കയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കനത്തപ്രതിഫലം വാങ്ങുന്ന താരങ്ങളുടെ സഹായികള്‍ക്കും വന്‍തുക ചെലവിടേണ്ട സ്ഥിതി വന്നതോടെ പുതിയ സിനിമകള്‍ ചിത്രീകരിക്കേണ്ടെന്നാണ് തമിഴ്നാട്ടിലെ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ തീരുമാനം. വിട്ടുവീഴ്ചയുണ്ടായില്ലെങ്കില്‍ കേരളത്തിലും ഇതേ മാതൃക സ്വീകരിക്കേണ്ടിവരുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
മാത്രമല്ല, സിനിമകളുടെ എണ്ണവും വിജയശതമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴും കാര്യങ്ങള്‍ പഴയ പടിയാണ്. 2024 ജനുവരി മുതല്‍ ജൂണ്‍വരെ ആകെ 117 സിനിമകള്‍ ഇറങ്ങിയപ്പോള്‍ അതില്‍ 20 എണ്ണത്തിന് മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനായത്. ബാക്കിയുള്ള നൂറോളം ചിത്രങ്ങളില്‍ പകുതിയും തീയേറ്ററില്‍ ഒരാഴ്ച തികച്ചില്ല! അതായത് ഇപ്പോഴും മലയാള സിനിമയില്‍ ഭൂരിഭാഗം നിര്‍മ്മാതാക്കളും കുത്തുപാള എടുക്കുക തന്നെയാണ്. 2024ലെ മഹാവിജയം കൊണ്ട് ഏതാനും പ്രൊഡ്യൂസേഴ്സിന് മാത്രമാണ് ലാഭം ഉണ്ടായത്. ഇന്‍ഡസ്ട്രിക്ക് മൊത്തം മിനിമം ഗ്യാരണ്ടി ഉണ്ടായിട്ടില്ലെ എന്നതാണ് യാഥാര്‍ത്ഥ്യം. 2024 രണ്ടാംപാദത്തില്‍ തമിഴിലും തെലുങ്കിലും വലിയ ചിത്രങ്ങളാണ് എത്തുന്നത് എന്നതിനാല്‍, ആദ്യത്തെ ആറുമാസം മലയാളം നിലനിര്‍ത്തിയ ആധിപത്യം തുടരാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ലെന്നും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.