ജെഎഫ്‍ഡബ്ല്യു മൂവി അവാർഡ് വേദിയിൽ 'നാളൈ നാളൈ' എന്ന ഗാനം ആലപിക്കാനുള്ള അപേക്ഷ നിരസിച്ച് നടി മമിത ബൈജു. മുൻപ് ഈ ഗാനം പാടിയത് വലിയ ട്രോളുകൾക്ക് ഇടയാക്കിയ പശ്ചാത്തലത്തിൽ, 'വേണ്ടണ്ണാ..വിട്ട്ട്ങ്കേ' എന്ന് മറുപടി നൽകിയ മമിത, പകരം നൃത്തം അവതരിപ്പിച്ച് ആരാധകരുടെ കയ്യടി നേടി.

'ഡ്യൂഡ്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മമിത. അവാർഡ് വേദിയിൽ മമിത മുൻപ് ഈ ഗാനം ആലപിക്കുന്ന വീഡിയോ പ്രദർശിപ്പിക്കുകയും, അവതാരകൻ വീണ്ടും പാടാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഈ ആവശ്യം നിരസിച്ച മമിത, ആരാധകരുടെ ആവശ്യം മാനിച്ച് 'പൂട്ടി വെച്ച കുതിര' എന്ന ഗാനത്തിന് നൃത്തം അവതരിപ്പിച്ചു. മമിത നൃത്തം ചെയ്യുന്ന വീഡിയോയും ഈ ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു.

വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിന്റെ മലേഷ്യയിൽ നടന്ന ഓഡിയോ ലോഞ്ച് വേളയിലാണ് മമിത ഈ ഗാനം ആദ്യമായി പാടിയത്. വിജയ് അഭിനയിച്ച 'അഴകിയ തമിഴ് മകൻ' എന്ന ചിത്രത്തിലെ "എല്ലാ പുകഴും ഇരവന് ഇരവനക്കെ.." എന്ന ഗാനത്തിലെ "നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ. ഇൻഡ്രൈ വിതയ്ത്താൽ നാളൈ മുളയ്ക്കും അത് നീ മറക്കാതൈ.. അത് നീ മറക്കാതൈ.." എന്ന ഭാഗമാണ് അന്ന് മമിത ആലപിച്ചത്. ഈ പ്രകടനം വലിയ തോതിൽ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. മമിത പാടുന്ന സമയത്തെ വിജയ്‍യുടെ മുഖഭാവവും നടിയുടെ നൃത്തവും അന്നത്തെ ട്രോളുകൾക്ക് വിഷയമായിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായി മാറിയ മമിതയുടെ പുതിയ പ്രതികരണം, താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ ഏറ്റെടുത്തിട്ടുണ്ട്. സജീവ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രമായി കണക്കാക്കുന്ന 'ജനനായകൻ' എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്. 1000 കോടി ക്ലബിൽ ഇടം നേടി വിജയ്ക്ക് സിനിമയോട് വിട പറയാനാകുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.