- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേട്രിയറ്റ് റിലീസ് പ്രതിസന്ധിയിൽ: തിയേറ്റർ വിഹിതത്തെച്ചൊല്ലി നിർമാതാക്കളും ഫിയോക്കും തമ്മിൽ തർക്കം; മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്റെ പ്രദർശനം അനിശ്ചിതത്വത്തിൽ

കൊച്ചി: മലയാള സിനിമയിലെ മെഗാ സ്റ്റാറുകളെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റി'ന്റെ റിലീസ് അനിശ്ചിതത്വത്തിൽ. തിയേറ്റർ വിഹിതം വർദ്ധിപ്പിക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തെച്ചൊല്ലി തിയേറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്കു'മായി ഉടലെടുത്ത തർക്കമാണ് ചിത്രത്തിന്റെ പ്രദർശനത്തിന് വെല്ലുവിളിയാകുന്നത്.
ആദ്യത്തെ രണ്ടാഴ്ചയും കളക്ഷന്റെ 60 ശതമാനം വിഹിതം വേണമെന്ന നിർമാതാക്കളുടെ പിടിവാശിയാണ് തിയേറ്റർ ഉടമകളെ ചൊടിപ്പിച്ചത്. നിലവിലെ ധാരണയനുസരിച്ച് ആദ്യ ആഴ്ച 60 ശതമാനവും, രണ്ടാം ആഴ്ച 55 ശതമാനവും, മൂന്നാം ആഴ്ച 50 ശതമാനവുമാണ് നിർമാതാക്കൾക്ക് നൽകിവരുന്നത്. എന്നാൽ, ചിത്രം വൻ മുതൽമുടക്കുള്ളതാണെന്നും രണ്ടാഴ്ചയും 60 ശതമാനം വിഹിതം നൽകണമെന്നും നിർമാതാക്കൾ നിലപാടെടുത്തതോടെ ഫിയോക്ക് എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.
നിലവിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത് തിയേറ്ററുകളെ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിയിടുമെന്നും, ഇത്തരം പുതിയ കീഴ്വഴക്കങ്ങൾ സിനിമാ വ്യവസായത്തെ ആകെ ദോഷകരമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. തർക്കത്തിൽ കൃത്യമായ ഒരു തീരുമാനമാകുന്നതുവരെ 'പേട്രിയറ്റ്' സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് യാതൊരു കരാറുകളിലും ഏർപ്പെടരുതെന്ന് തിയേറ്റർ ഉടമകൾക്ക് ഫിയോക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏപ്രിൽ 23-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ മോഹൻലാൽ ചിത്രം 'എമ്പുരാന്റെ' റിലീസ് വേളയിലും സമാനമായ രീതിയിൽ വിഹിതത്തെച്ചൊല്ലി തർക്കങ്ങൾ ഉടലെടുത്തിരുന്നു. സിനിമയുടെ വൻ ഹൈപ്പും ആരാധകരുടെ കാത്തിരിപ്പും കണക്കിലെടുത്ത്, റിലീസിന് മുൻപ് ചർച്ചകളിലൂടെ രമ്യമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.


