കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ വിവിധ കോണുകളില്‍ നിന്നും പ്രവഹിക്കുന്നുണ്ട്. സിനിമാ താരങ്ങള്‍ അടക്കം സഹായം എത്തിക്കുന്നു. ദുരിതം അനുഭനിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ മമ്മൂട്ടയും രംഗത്തെത്തി. നടന്‍ നേതൃത്വം ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും വ്യവസായി സി.പി സാലിഹിന്റെ സി.പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെടുന്നത്.

ആംബുലന്‍സ് സര്‍വീസ്, പ്രഥമ ശുശ്രൂഷ മരുന്നുകള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കുപ്പിവെള്ളം, കുടിവെള്ള ടാങ്കര്‍ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയര്‍ ആന്‍ഡ് ഷെയറും സിപി ട്രസ്റ്റും പുറപ്പെടുന്നത്.

'വയനാടിനെ നടുക്കിയ ഈ വലിയ ദുരന്തം നമുക്ക് ഏറെ ദുഃഖകരമായ ഒന്നാണ്. എത്ര വലിയ ദുരന്തം ആയാലും വയനാടിനെ ചേര്‍ത്തുപിടിക്കും. ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കും. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് നമ്മള്‍ കരുതലായി മാറണം', കെയര്‍ ആന്‍ഡ് ഷെയര്‍ അറിയിച്ചു. വയനാടിന്റെ ഈ അവസ്ഥയെ ഏതു വിധേനയും കരകയറ്റണമെന്നും അതിനായി നമ്മള്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും സി.പി ട്രസ്റ്റ് ചെയര്‍മാന്‍ സി.പി സാലിഹ് അഭിപ്രായപ്പെട്ടു.