കൊച്ചി: പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന എംപുരാന്‍ റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ചിത്രന്റെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തുവന്നിരുന്നു. മണിക്കുട്ടനാണ് ചിത്രത്തിലെ മുപ്പതാമത്തെ കഥാപാത്രം. മണിക്കുട്ടന്‍ എന്ന പേരില്‍ തന്നെയാണ് ചിത്രത്തില്‍ നടനെത്തുന്നത്. ലൂസിഫറില്‍ മറ്റൊരു കഥാപാത്രത്തിനായി മണിക്കുട്ടന്‍ ഡബ്ബ് ചെയ്തിരുന്നു.

''എന്തടാ ലൂസിഫറില്‍ ഡബ്ബ് ചെയ്തവരൊക്കെ എംപുരാനു വേണ്ടി പ്രൊമോഷനു വന്നിരിക്കുന്നോ എന്നാണോ വിചാരിക്കുന്നത്. ലൂസിഫറില്‍ എന്റെ ശരീരം ശബ്ദം മാത്രമായിരുന്നെങ്കില്‍ എംപുരാനില്‍ എന്റെ സാന്നിധ്യം ഒരു ശക്തമായ കഥാപാത്രമായാണ്. ലൂസിഫറില്‍ ഒരു കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാന്‍ രാജു എന്നെ വിളിച്ചിരുന്നു.

എന്റെ ഡബ്ബിങ് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. തിരുവനന്തപുരം ഭാഷ എനിക്ക് നന്നായി വരുമെന്ന് അദ്ദേഹത്തിന് അറിയാം. അന്ന് അദ്ദേഹം ഒരു വാക്ക് പറഞ്ഞിരുന്നു. ലൂസിഫറിന് ഒരു രണ്ടാം ഭാഗം വരുകയാണെങ്കില്‍ അതില്‍ മണിക്കുട്ടന്‍ ഒരു കഥാപാത്രം ചെയ്യുമെന്ന്. ആ വാക്ക് അദ്ദേഹം പാലിച്ചതു കൊണ്ടാണ് എംപുരാനില്‍ ഇതുപോലൊരു നല്ല കഥാപാത്രം എനിക്കു ലഭിക്കാന്‍ കാരണമായത്.

എംപുരാനില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേരും മണിക്കുട്ടന്‍ എന്നാണ്. സിനിമയില്‍ വന്നപ്പോള്‍ പലരും പറഞ്ഞിട്ടുണ്ട്, ഈ പേര് മാറ്റിക്കൂടെ എന്ന്. ഇപ്പോള്‍ അതേ പേരില്‍ ഞാന്‍ അഭിനയിക്കുന്നു. വളരെ മനോഹരമായാണ് ആ കഥാപാത്രത്തെക്കുറിച്ച് രാജു എനിക്ക് പറഞ്ഞു തന്നത്. പല സീനുകളെപ്പറ്റിയും പറയാന്‍ പാടില്ലെന്നു പറഞ്ഞിട്ടുണ്ട്, അതുകൊണ്ടാണ് തുറന്നു പറയാത്തത്. ഞാന്‍ അന്തം വിട്ടതുപോലെ എല്ലാ പ്രേക്ഷകരും അന്തം വിടുമെന്നാണ് എന്റെയും പ്രതീക്ഷ.''മണിക്കുട്ടന്‍ വിഡിയോയില്‍ പറഞ്ഞു.