ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കള്‍ട്ടായ ചിത്രമാണ് 96. പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തൃഷയും വിജയ് സേതുപതിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളക്കരയില്‍ അടക്കം വലിയ ഹിറ്റായിരുന്നു ഈ ചിത്രം. ഈ ചിത്രത്തില്‍ തൃഷക്ക് പകരം ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ ആയിരന്നു.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മഞ്ജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചില കാരണങ്ങള്‍ കൊണ്ട് ചിത്രം തന്റെയടുത്ത് എത്തിയില്ലെന്നും ആ കഥാപാത്രത്തിന് തൃഷയല്ലാതെ മറ്റൊരാളെയും സങ്കല്‍പ്പിക്കാന്‍ പറ്റില്ലെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു. '96ന് വേണ്ടി അവര്‍ എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കോള്‍ എന്റെ അടുത്ത് എത്തിയില്ല. ആ അന്വേഷണം എന്റെ അടുത്ത് എത്തുന്നതിന് മുമ്പ് വേറെ വഴിക്ക് പോയി. വിജയ് സേതുപതി സാറിലൂടെയാണ് ഇക്കാര്യം അറിയുന്നത്.

ഒരു അവാര്‍ഡ് ഫങ്ഷനില്‍ വെച്ചാണ് അദ്ദേഹം എന്നോട് ഈ കാര്യം പറയുന്നത്. ആ കഥാപാത്രത്തിലേക്ക് എന്നെ അന്വേഷിച്ചിരുന്നു എന്നാണ് സാര്‍ പറഞ്ഞത്. ആ സിനിമയുടെ സമയത്ത് അവര്‍ക്ക് എന്തൊക്കെയോ ഡേറ്റ് കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. അതിന്റെ ഇടയില്‍ എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവര്‍ പാതി വഴിയില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ അവര്‍ തൃഷയിലേക്ക് എത്തി.

ഞാന്‍ വിടുതലൈ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പോയപ്പോള്‍ പ്രേമിന് മെസേജ് അയച്ചിരുന്നു. 'നിങ്ങള്‍ എന്നെ വിജയ് സേതുപതിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സമ്മതിച്ചില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ പോകുകയാണെന്ന്'. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്നത് പോലെയാണ് അത്. 96ല്‍ എനിക്ക് പോലും തൃഷയെ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പറ്റില്ല' -മഞ്ജു വാര്യര്‍ പറഞ്ഞു.