തിരുവനന്തപുരം: മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും പണംവാരി ചിത്രം എന്ന ഖ്യാതി ഉണ്ടെങ്കിലും പിന്നാലെ വന്ന ചില വിവാദങ്ങള്‍ മഞ്ഞുമ്മല്‍ ബോയിസ് എന്ന ചിത്രത്തെ ബാധിച്ചിരുന്നു.അതിലൊന്ന് ചിത്രത്തിലെ സുപ്രധാന രംഗങ്ങളില്‍ ഉപയോഗിച്ച കണ്‍മണി അന്‍പോട് എന്ന ഗാനം സംഗീത സംവിധായകന്റെ അനുമതി ഇല്ലാതെയാണ് എന്നതായിരുന്നു.സിനിമ വന്‍ വിജയമായതില്‍ തന്റെ പാട്ടിനും പങ്കുണ്ടെന്നും, പാട്ട് ഉപയോഗിക്കാന്‍ സമ്മതം വാങ്ങിയിരുന്നില്ലെന്നും കാണിച്ച് രണ്ടു കോടി രൂപയാണ് ഇളയരാജ ആവശ്യപ്പെട്ടിരുന്നത്.

ഈ വിഷയമാണ് ചര്‍ച്ചയിലൂടെ ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നത്.ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ ഇളയരാജയ്ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിന്റെ നിര്‍മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലയിരുന്നു തര്‍ക്കം.ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മെയ് മാസമായിരുന്നു ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്. ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരുന്നു എന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കളുടെ വാദം. എന്നാല്‍ ഇളയരാജ ഇത് അംഗീകരിച്ചില്ല.

1991-ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ നായകനായ 'ഗുണ' എന്ന സിനിമയ്ക്ക് വേണ്ടി ഇളയരാജ ഈണം നല്‍കിയ ഗാനമാണ് 'കണ്‍മണി അന്‍പോട് കാതലന്‍'.ചിദംബരം സംവിധാനം ചെയ്ത ഗുണ കേവ് പാശ്ചത്തലമായി വരുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തിലൂടെ 'കണ്‍മണി അന്‍പോട്' വീണ്ടും മലയാളത്തിലും തമിഴിലും ഹിറ്റായിരുന്നു. ഇതോടെയാണ് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.തിയറ്ററില്‍ 73 ദിവസം പൂര്‍ത്തിയാക്കിയാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ആകെ 242.3 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.