ഈ വർഷം തീയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു 'മഹാരാജ'. വിജയ് സേതുപതി നായകനായെത്തിയ ചിത്രം ബോക്സ് ഓഫിസിലും വൻ വിജയമാണ് നേടിയത്. നിതിലന്‍ സാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 100 കോടിയിലധികമാണ് നേടിയത്. ഇപ്പോഴിതാ 'മഹാരാജ' ചൈനയിൽ തീയേറ്റർ റിലീസിനൊരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. താരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഈ വാർത്ത പങ്ക് വെച്ചത്.

അലിബാബ ഗ്രൂപ്പ് ആണ് ചിത്രം ചൈനയില്‍ എത്തിക്കുന്നത്. ഈ മാസം 29 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് വിവരം. വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രമായിരുന്ന മഹാരാജയില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആയിരുന്നു പ്രതിനായകന്‍. വിജയ് സേതുപതി സോളോ ഹീറോ ആയെത്തി ആദ്യമായി 100 കോടി കടന്നതും ഈ ചിത്രത്തിലൂടെയാണ്.

2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായിയിരുന്നു 'മഹാരാജ'. പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി എത്തിയപ്പോഴും ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ആമിർ ഖാനെ നായകനാക്കി ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതായും വാർത്തകളുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളിലായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. രണ്ട് കാലങ്ങളിലായി നോണ്‍ ലീനിയര്‍ സ്വഭാവത്തിലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ നിതിലന്‍ സ്വാമിനാഥന്‍ കഥ പറയുന്നത്. സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‍മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ കുരങ്ങ് ബൊമ്മൈ എന്ന ചിത്രവും നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്തിട്ടുണ്ട്.