കൊച്ചി: മോളിവുഡിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ പിറന്ന വർഷമായിരുന്നു 2024. മലയാളത്തിലെ ഏറ്റവും വലിയ 10 ഹിറ്റുകളില്‍ ആറെണ്ണവും ഈ വര്‍ഷമാണ് റിലീസ് ചെയ്തത്. വമ്പൻ ഹൈപ്പോടെ തീയേറ്ററുകളിലെത്തി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം മോളിവുഡിൽ മറ്റൊരു ബ്ലോക്ക് ബസ്റ്ററാകുമെന്നാണ് കണക്ക്കൂട്ടൽ. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഹനീഫ് അദേനിയാണ് സംവിധാനം ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന മാർക്കോ മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു ആക്ഷന്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ തീവ്രത അനുഭവിപ്പിക്കുന്ന 40 സെക്കന്‍ഡ് ടീസറില്‍ ഉണ്ണി മുകുന്ദന്‍റെ ഒരു പഞ്ച് ഡയലോഗും ഉണ്ട്. ഞാന്‍ വന്നപ്പോള്‍ മുതല്‍ എല്ലാ ചെന്നായ്ക്കളും എന്നെ കൂട്ടം കൂടി അടിക്കാന്‍ നോക്കുകാ. ഇനിയിവിടെ ഞാന്‍ മതി, എന്നാണ് ആ ഡയലോഗ്.

അതേസമയം, ആദ്യ ദിനത്തിൽ 10 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗ് ആണ് ഇത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിൽ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. കരിയറിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രമാണ് ജഗദീഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.