കൊച്ചി: റിലീസ് കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ 'മാർക്കോ'. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ കൂടാതെ നിരൂപക പ്രശംസയും പിടിച്ചു പറ്റാൻ ചിത്രത്തിനായി. കേരളത്തിന് പുറത്തും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും 'മാർക്കോ' എന്നാണ് വിലയിരുത്തൽ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകളാണ് പുറത്ത് വരുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിലെത്തിയ മാർക്കോ കൊറിയയിൽ റിലീസിനൊരുങ്ങുകയാണ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻ നിർമ്മാണ കമ്പനിയായ നൂറി പിക്ചേഴ്സ് ആണ് മാർക്കോ കൊറിയയിൽ വിതരണത്തിന് എത്തിക്കുന്നത്. ഒരു ഇന്ത്യൻ സിനിമയ്ക്ക് കൊറിയയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിങ്ങും കൂടിയാണ് മാർക്കോയ്ക്ക് ലഭിക്കാൻ പോകുന്നത്. 100 സ്ക്രീനുകളിൽ ചിത്രം പ്രദർശനം ആരംഭിക്കുന്ന ചിത്രം ഏപ്രിലിൽ കൊറിയയിൽ റിലീസ് ചെയ്യും. മാർക്കോയുടെ ഈ നേട്ടത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ​ഗോപാൽ വർമയും രം​ഗത്തെത്തിയിട്ടുണ്ട്. ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയ്ക്ക് ശേഷം ഇതാദ്യമായാണൊരു തെന്നിന്ത്യൻ ചിത്രം കൊറിയയിൽ റിലീസ് ചെയ്യപ്പെടുന്നത്.

അതേസമയം, മാർക്കോ ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നോട്ട് പോവുകയാണ്. നിലവിൽ മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് പതിപ്പുകളും പ്രദർശനത്തിനെത്തിയിട്ടുണ്ട്. ജനുവരി 3 മുതൽ തമിഴ് പതിപ്പും തിയറ്ററുകളിൽ എത്തും. നിലവിൽ ചിത്രത്തിന്റെ കളക്ഷൻ 75 കോടി കടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം മലയാളത്തിലെ അടുത്ത ബ്ലോക്ക് ബസ്റ്ററാകുമെന്നാണ് കണക്ക് കൂട്ടൽ.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.