- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെറിബ്രൽ പാൾസിയോട് പോരാടി നേടിയ സ്വപ്നസാക്ഷാത്ക്കാരത്തിന് അംഗീകാരം; പിന്തുണയുമായി 'മാർക്കോ' ടീം; നന്ദി അറിയിച്ച് രാഗേഷ് കൃഷ്ണൻ; വിഡിയോ കാണാം
കൊച്ചി: ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോഗത്തോട് പൊരുതി സിനിമാ സംവിധാനം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച രാഗേഷ് കൃഷ്ണന് സഹായവുമായി 'മാർക്കോ' ടീം. തുടർന്നും സിനിമ ഒരുക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും വാഗ്ദാനവുമായാണ് മാർക്കോ' ടീം രംഗത്തെത്തിയിരിക്കുന്നത്. മാർക്കോ ടീമിന് നന്ദി അറിയിച്ച് സോഷ്യൽമീഡിയ പേജിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് രാഗേഷ് കൃഷ്ണൻ.
'കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളിൽ റിലീസായ എന്‍റെ ചിത്രം 'കളം@24' മൂന്നാഴ്ച തിയറ്ററിൽ ഓടിയിരുന്നു. പലരിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞത്. നിരവധിപേർ നല്ല വാക്കുകള്‍ വിളിച്ചറിയിച്ചു. അക്കൂട്ടത്തിൽ മാർക്കോ പ്രൊഡ്യൂസര്‍ ഷെരീഫിക്ക എന്നെ ഞെട്ടിച്ചുകളഞ്ഞു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹം നേരിട്ടാണ് എന്നെ വിളിച്ചത്. ശേഷം അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കള്‍ എന്നെ വീട്ടിൽ വന്നു കണ്ടു. സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ഒത്തിരി നന്ദിയുണ്ട്. എന്നെപോലെയുള്ള ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ് അദ്ദേഹം തന്നിരിക്കുന്നത്. ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു, എന്‍റെ സിനിമ കാണണമെന്നും നേരിട്ട് കാണണമെന്നും അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്. മാർക്കോയ്ക്ക് വിജയാശംസകള്‍. ഞങ്ങളുടെ പടം ഒടിടി റിലീസിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്', രാഗേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
അതേസമയം, ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയവുമായി മുന്നേറുകയാണ് 'മാർക്കോ'. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം അന്യഭാഷ ബോക്സ് ഓഫീസിലും വലിയ നേട്ടമാണുണ്ടാക്കിയത്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രം ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിലെത്തിയ ചിത്രം ടാഗ്‌ലൈനോട് നൂറ് ശതമാനം കൂറ് പുലർത്തിയെന്നാണ് പ്രേക്ഷകർ പറയുന്നത്.