കൊച്ചി: റിലീസ് കേന്ദ്രങ്ങളിൽ മികച്ച ബോക്സ് ഓഫീസ് റിപ്പോർട്ടുകളുമായി തരംഗമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രമായ 'മാർക്കോ'. പ്രഖ്യാപനം എത്തിയത് മുതൽ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരുന്നത്. ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ആക്ഷൻ ത്രില്ലർ ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മലയാളത്തിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ പിറന്ന വർഷമായിരുന്നു 2024. ആദ്യ ദിനം മുതൽ മികച്ച പ്രതികരണം ലഭിച്ചതോടെ ഉണ്ണി മുകുന്ദന്റെ കരിയറിയെ ആദ്യ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമാകും മാർക്കോ എന്നാണ് വിലയിരുത്തൽ.

മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാണ് ചിത്രമെന്നായിരുന്നു 'മാർക്കോ'യെ പറ്റി പ്രേക്ഷകർ പറഞ്ഞത്. മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണ് 'മാർക്കോ' എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ മറ്റൊരു ഭാഷയിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. തെലുങ്ക് മൊഴിമാറ്റ പതിപ്പിന്‍റെ വിതരണാവകാശം 3 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഇതിനൊപ്പം ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ വരുമാനത്തിന്‍റെ ഷെയറും നിര്‍മ്മാതാവിന് ലഭിക്കും. ജനുവരി 1 നാണ് തെലുങ്ക് പതിപ്പിന്‍റെ റിലീസ്. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ചിത്രം.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.