തൃശൂർ: ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരം യുവ കവയിത്രി പി. വിഷ്ണുപ്രിയക്ക് ലഭിച്ചു. വിഷ്ണുപ്രിയയുടെ 'ഇണക്കമുള്ളവരുടെ ആധി' എന്ന കവിതാ സമാഹാരമാണ് ഈ വർഷത്തെ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. 25,000 രൂപയും കീർത്തിമുദ്രയും അടങ്ങുന്നതാണ് പുരസ്കാരം.

സച്ചി സ്മാരക സമിതിയുടെ നേതൃത്വത്തിൽ 2022 മുതലാണ് മലയാളത്തിലെ മികച്ച കവിതാ സമാഹാരങ്ങൾക്ക് ഈ പുരസ്കാരം നൽകി വരുന്നത്. പ്രമുഖരായ കെ. സച്ചിദാനന്ദൻ, പി.എൻ. ഗോപീകൃഷ്ണൻ, എസ്.എം. ജീവൻ, എം. ഹരിദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് വിഷ്ണുപ്രിയയുടെ കൃതിയെ അവാർഡിനായി തെരഞ്ഞെടുത്തത്.

ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം 4.30-ന് തൃശൂർ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രശസ്ത സംവിധായകൻ കമൽ പുരസ്കാരം സമ്മാനിക്കും.