കൊച്ചി: ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷിന്റെ' ടീസര്‍ പുറത്ത്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയാണ് ഒരുങ്ങുന്നതെന്ന സൂചന നല്‍കുന്നതാണ് ടീസര്‍. ദുരൂഹമായ നൂറായിരം പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മനസ്സില്‍ ആകാംക്ഷയുടെ ഒരു പസില്‍ ഗെയിം തീര്‍ക്കാന്‍ എത്തുകയാണ് ആസിഫ് അലിയും അപര്‍ണയും.

മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രമാണ് 'മിറാഷ്'. സിനിമയുടെ ഡിജിറ്റല്‍ ഇല്യൂഷന്‍ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ടീസറും പ്രേക്ഷകരെ ആകാംക്ഷയിലാക്കിയിരിക്കുകയാണ്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങള്‍.

ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെ ചര്‍ച്ചയായി മാറിയിരുന്ന 'കൂമന്‍' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.