കൊച്ചി: ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ മലയാള സംവിധായകനാണ് തരുൺ മൂർത്തി. മോഹൻലാലിലെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനമെത്തിയത് മുതൽ ആവേശത്തിലായിരുന്നു ആരാധകർ. ഒരുപാട് വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു എന്നൊരു പ്രത്യേകത കൂടി 'തുടരും' എന്ന ചിത്രത്തിനുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ ഉൾപ്പെടെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്.

നായകൻ മോഹൻലാല്‍ തുടരും സിനിമയെ കുറിച്ച് പങ്കുവെച്ച പ്രതീക്ഷകളാണ് നിലവില്‍ ചര്‍ച്ചയായിരിക്കുന്നത്. രസകരമായ ഒരു ചിത്രമാണ്. ഇത് ഇമോഷണല്‍ ചിത്രം ആയിരിക്കും. ഇത് ശരിക്കും ഫാമിലി ചിത്രമായിരിക്കും. ശോഭന മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ശോഭനയുമായി വീണ്ടും ഒന്നിക്കാൻ സാധിച്ചതില്‍ താൻ വലിയ സന്തോഷത്തിലാണെന്നും മോഹൻലാല്‍ വ്യക്തമാക്കുന്നു.

ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷണ്‍മുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രജപുത്ര ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനിലിന്റെ കഥയ്ക്ക് സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആര്‍ സുനില്‍ എഴുത്തുകാരന്‍ കൂടിയാണ്.