- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി മോഹൻലാൽ; പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രത്തിലെത്തുന്നത് അതിഥി വേഷത്തിൽ; ആരാധകരെ ആവേശത്തിലാഴ്ത്തി 'ഖലീഫ'യുടെ അപ്ഡേറ്റ്
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, വൈശാഖ്, ജിനു എബ്രഹാം എന്നിവർ ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'ഖലീഫ'യിൽ മോഹൻലാലും. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിൽ അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, രണ്ടാം ഭാഗത്തിൽ നായകനായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ കൊച്ചുമകനായ മാമ്പറയ്ക്കൽ ആമിർ അലിയുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് 'ഖലീഫ'യുടെ നിർമ്മാണം. സിജോ സെബാസ്റ്റ്യനാണ് സഹനിർമ്മാതാവ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെക്കുറിച്ച് പരാമർശിച്ചിരുന്നുവെങ്കിലും, ആരാണ് ആ വേഷം ചെയ്യുന്നതെന്ന് അന്ന് വെളിപ്പെടുത്തിയിരുന്നില്ല.
'മിസിസ് ഗാന്ധിയെ മുട്ടുകുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലി' എന്നാണ് ചിത്രത്തിലെ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെ ഗ്ലിമ്പ്സ് വീഡിയോയിൽ ഈ കഥാപാത്രത്തെ പരിചയപ്പെടുത്തിയത്. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനമായ ഒക്ടോബർ പതിനാറിന് റിലീസ് ചെയ്ത ഈ വീഡിയോ, ഇന്ദ്രൻസിന്റെ സംഭാഷണങ്ങളിലൂടെയാണ് മാമ്പറയ്ക്കൽ അഹമ്മദ് അലിയെയും മാമ്പറയ്ക്കൽ ആമിർ അലിയെയും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.
സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ഒരുങ്ങുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെറാണ് 'ഖലീഫ'യെന്ന സൂചന ഗ്ലിമ്പ്സ് വീഡിയോ നൽകിയിരുന്നു. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായ ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാണെന്നും വീഡിയോ വ്യക്തമാക്കി. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
'പോക്കിരി രാജ'യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിനു എബ്രഹാമും പൃഥ്വിരാജും 'ആദം ജോൺ', 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ ചിത്രങ്ങൾക്കു ശേഷം ഒരുമിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് ആദ്യവാരം ലണ്ടനിൽ ചിത്രീകരണം ആരംഭിച്ച 'ഖലീഫ'യുടെ പ്രധാന ലൊക്കേഷനുകൾ ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളാണ്.




