കൊച്ചി: 'തുടരും' എന്ന വൻ വിജയത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പോലീസ് യൂണിഫോമിൽ എത്തുന്നു എന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രധാന ഘടകം. 'ടി.എസ്. ലവ്‌ലജൻ' എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഒരു സാധാരണ പോലീസുകാരന്റെ ലളിതമായ നിമിഷമാണ് പോസ്റ്ററിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ലുക്കിലാണ് മോഹൻലാൽ. ഷർട്ടിന്റെ ഇൻസർട്ട് അഴിച്ചിട്ടുണ്ട്, ബൂട്ടുകൾ കയ്യിൽ പിടിക്കുകയും കാലിൽ സ്ലിപ്പറുകൾ ധരിക്കുകയും ചെയ്ത ടി.എസ്. ലവ്‌ലജൻ എന്ന കഥാപാത്രത്തെ "മനുഷ്യരൂപത്തിലുള്ള ശുദ്ധമായ സ്നേഹം" (Pure love in human form) എന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി മോഹൻലാൽ തന്റെ ഗെറ്റപ്പിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. വർഷങ്ങളായി കൊണ്ടുനടന്ന താടി പൂർണ്ണമായും നീക്കം ചെയ്ത് കട്ടിമീശ മാത്രമുള്ള രൂപത്തിലാണ് താരം എത്തുന്നത്. 'ദൃശ്യം 2' വിന് ശേഷം മോഹൻലാൽ വീണ്ടും തൊടുപുഴയിൽ ചിത്രീകരണത്തിനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എൽ 366 (L366) എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ 366-ാമത്തെ സിനിമയാണ്.

മീര ജാസ്മിൻ നായിക ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന 21-ാമത്തെ ചിത്രമാണിത്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. രതീഷ് രവിയുടേതാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ബിനു പപ്പുവാണ് ചിത്രത്തിന്റെ സഹസംവിധായകൻ. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.