ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രത്തിൽ തമിഴ് നടൻ കാർത്തിയും ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും നിർണായക വേഷങ്ങളിൽ എത്തുന്നു. നേരത്തെ ഈ ചിത്രത്തിൽ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സൂപ്പർ താരം മോഹൻലാൽ പിൻമാറിയതായും റിപ്പോർട്ടുകളുണ്ട്. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു മൾട്ടി സ്റ്റാർ ഗ്യാങ്സ്റ്റർ വിഭാഗത്തിൽപ്പെട്ടതാണ്.

കൊൽക്കത്ത പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ, അച്ഛനും മകളും തമ്മിലുള്ള ആത്മസംഘർഷങ്ങളുടെ കഥ കൂടിയാണ് പറയുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രീകരണം. ഈ വർഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും 2027-ൽ ചിത്രം റിലീസ് ചെയ്യുമെന്നുമാണ് നിലവിലെ വിവരം. 'വാൾട്ടർ വീരയ്യ' എന്ന വിജയ ചിത്രത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

അനുരാഗ് കശ്യപ് തെലുങ്കിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. കാർത്തിയുടെ 'കൈദി', 'സർദാർ', 'സുൽത്താൻ' തുടങ്ങിയ ചിത്രങ്ങളുടെ തെലുങ്ക് പതിപ്പുകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാലും ചിരഞ്ജീവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധക ലോകത്ത് വലിയ ആകാംഷ സൃഷ്ടിച്ചിരുന്നു. എന്നാൽ മോഹൻലാലിന്റെ പിൻമാറ്റം ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. അദ്ദേഹത്തിനായി നിശ്ചയിച്ച വേഷത്തിൽ ആരാണ് എത്തുകയെന്ന് ഇതുവരെ അറിവായിട്ടില്ല.

നേരത്തെ, മോഹൻലാൽ അഭിനയിച്ച 'ലൂസിഫർ' എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ 'ഗോഡ് ഫാദറിൽ' ചിരഞ്ജീവി സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ ചിത്രം മലയാളത്തിലെപ്പോലെ തെലുങ്കിൽ വലിയ വിജയം കണ്ടിരുന്നില്ല. മറുവശത്ത്, ജൂനിയർ എൻ.ടി.ആർ, മോഹൻലാൽ, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ജനതാ ഗ്യാരേജ്' തെലുങ്ക് പ്രേക്ഷകർക്കിടയിൽ വലിയ പ്രശസ്തി നേടിയിരുന്നു. കൊരട്ടല ശിവയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.