കൊച്ചി: മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' ജപ്പാനിൽ റിലീസിന് ഒരുങ്ങുന്നു. ജനുവരി 17-ന് ചിത്രത്തിന്റെ ജാപ്പനീസ് പതിപ്പ് അവിടെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ജാപ്പനീസ് പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

മലയാള സിനിമയിൽ ഏറെ പ്രതീക്ഷകളോടെ റിലീസ് ചെയ്ത ചിത്രങ്ങളിലൊന്നായിരുന്നു 'മലൈക്കോട്ടൈ വാലിബൻ'. ഫാന്റസി ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയ ഈ ചിത്രം ജനുവരി 25-നായിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ, പ്രതീക്ഷിച്ചത്ര ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.

പി.എസ്. റഫീഖാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'നായകൻ', 'ആമേൻ' തുടങ്ങിയ ചിത്രങ്ങളിൽ ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ്മ, സുചിത്ര നായർ, മനോജ് മോസസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അണിനിരന്നിരുന്നു.