- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും ഒരുമിക്കുമ്പോൾ'; മോഹൻലാൽ–തരുൺ മൂർത്തി ടീമിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമെത്തി; ആവേശത്തോടെ ആരാധകർ
കൊച്ചി: മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. 'തുടരും' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ഈ പ്രോജക്റ്റ് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. പ്രമുഖ നിർമ്മാണ കമ്പനിയായ ആശിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ രചിക്കുന്നത് രതീഷ് രവിയാണ്, ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഷാജി കുമാറും. പുതിയ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മോഹൻലാൽ തന്നെയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്.
രതീഷ് രവി, ആശിഖ് ഉസ്മാൻ, ഷാജി കുമാർ, തരുൺ മൂർത്തി എന്നിവരോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഈ പ്രഖ്യാപനത്തോടെ ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. മുമ്പ് ആശിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് പ്രഖ്യാപിച്ച എൽ-365 (L-365) എന്ന ചിത്രമാണോ ഇപ്പോൾ പ്രഖ്യാപിച്ച ഈ പുതിയ പ്രോജക്റ്റ് എന്ന് ഇതുവരെ വ്യക്തമല്ല. മോഹന്‍ലാലിന്റെ 365-ാമത് ചിത്രമായ, താല്‍ക്കാലികമായി എല്‍ 365 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആദ്യം സംവിധായകനായി നിശ്ചയിച്ചിരുന്നത് നടന്‍ ചീഫ് അസോസിയേറ്റുമായിരുന്ന ഓസ്റ്റിന്‍ ഡാന്‍ തോമസിനെയായിരുന്നു.
എന്നാല്‍ ചിത്രത്തില്‍ നിന്നും ഓസ്റ്റിന്‍ പിന്മാറിയെന്നും പകരം തരുണ്‍ മൂര്‍ത്തിയെത്തുന്നുമെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എൽ-365 എന്ന ചിത്രത്തിന് പ്രഖ്യാപിച്ചിരുന്ന അതേ അണിയറപ്രവർത്തകരായ നിർമ്മാതാവ് ആശിഖ് ഉസ്മാൻ, തിരക്കഥാകൃത്ത് രതീഷ് രവി, ഛായാഗ്രാഹകൻ ഷാജി കുമാർ എന്നിവർ പുതിയ ചിത്രത്തിലും ഭാഗമാണ്. എന്നാൽ എൽ-365-ൽ പ്രഖ്യാപിച്ച സംവിധായകന് പകരം തരുൺ മൂർത്തിയാണ് ഈ ചിത്രമൊരുക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത 'ഓടും കുതിര ചാടും കുതിര'യാണ്.




