- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിയുടെ രണ്ടാം ഭാഗവുമായി 'മോഹിനിയാട്ടം'; കോമഡിക്കൊപ്പം ഇത്തവണ ത്രില്ലർ മൂഡും?; ട്രെയിലർ പുറത്ത്; സൈജു കുറുപ്പിന്റെ 150-ാം ചിത്രം ഏപ്രിൽ 10-ന്

കൊച്ചി: 'ഭരതനാട്യ'ത്തിന് ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ രണ്ടാം ഭാഗമായ 'മോഹിനിയാട്ടം' എത്തുന്നു. ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സൈജു കുറുപ്പിന്റെ അഭിനയ ജീവിതത്തിലെ 150-ാം ചിത്രം എന്ന സവിശേഷതയും 'മോഹിനിയാട്ട'ത്തിനുണ്ട്.
ഭരതൻ നായരുടെ മരണത്തെത്തുടർന്ന് വീട്ടിലുണ്ടാകുന്ന നാടകീയ സംഭവങ്ങളായിരുന്നു ആദ്യ ഭാഗത്തിന്റെ പ്രമേയമെങ്കിൽ, ഇത്തവണ ഭരതൻ നായരുടെ കുടുംബം പുതിയൊരിടത്തേക്ക് താമസം മാറുന്നതും അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗത്തിലെ കോമഡി മൂഡിനൊപ്പം അല്പം ത്രില്ലർ സ്വഭാവം കൂടി ചേർത്താണ് കൃഷ്ണദാസ് മുരളി ചിത്രം ഒരുക്കിയിരിക്കുന്നത്.
ആദ്യ ഭാഗത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഇത്തവണ സുരാജ് വെഞ്ഞാറമൂടും ജഗദീഷും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത റാപ്പർ ബേബി ജീനും ചിത്രത്തിലുണ്ട്. സൈജു കുറുപ്പിനൊപ്പം വിനയ് ഫോർട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ്, നന്ദു പൊതുവാൾ, അഭിറാം, ശ്രുതി സുരേഷ്, ദിവ്യ എം. നായർ തുടങ്ങിയ നീണ്ട നിര തന്നെ അണിനിരക്കുന്നു.
തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ. പ്രദീപും ചേർന്നാണ് രചന. ബബ്ലു അജുവാണ് ഛായാഗ്രഹണം. ആദ്യ ഭാഗം പോലെ തന്നെ തിയേറ്ററുകളിൽ വലിയൊരു ചിരിവിരുന്ന് തന്നെയാകും 'മോഹിനിയാട്ടം' സമ്മാനിക്കുക എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.


