കൊച്ചി: യുവതാരങ്ങളുമായെത്തി തീയേറ്ററുകളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് 'മുറ'. 'കപ്പേള' എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയിൽ യുവ താരം ഹൃദു ഹറൂണും സുരാജ് വെഞ്ഞാറമൂടും, ഒപ്പം നിരവധി പുതുമുഖ താരങ്ങളും അണിനിരന്നിരുന്നു. നവംബർ 8ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിനെ പ്രശംസിച്ച് സിനിമാ താരങ്ങളടക്കം രം​ഗത്തെത്തിയിരുന്നു.

ചിത്രമിപ്പോൾ വിജയകരമായ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിന്‍റെ വിജയത്തോടനുബന്ധിച്ച് അണിയറപ്രവർത്തകർ പുറത്തിറക്കിയ സക്സസ് ടീസറും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. പതിനൊന്ന് ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി ടീസർ സോഷ്യൽ മീഡിയകളിൽ ട്രെൻഡിംഗ് ആണ്.

ആക്ഷൻ ചിത്രങ്ങൾക്ക് വലിയ ആരാധകരുള്ള സിനിമ ഇൻഡസ്ട്രയിയാണ് മോളിവുഡ് എന്നതിന് തെളിവ് കൂടിയാണ് ചിത്രം നേടിയ വിജയം. 'എച്ച് ആർ പിക്ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് 'മുറ' നിർമ്മിച്ചിരിക്കുന്നത്. നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രം ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് മുറയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഫാസിൽ നാസർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റി ജോബിയാണ്. കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ എന്നിവരാണ്.