- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം വി കൈരളിയുടെ തിരോധാനം വെള്ളിത്തിരയിലേക്ക്; സംവിധാനം ജൂഡ് ആന്തണി ജോസഫ്
കൊച്ചി: കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ എംവി കൈരളി കപ്പലിന്റെ തിരോധാനം സിനിമയാകുന്നു. ഇന്ത്യയുടെ ഓസ്കാർ എൻട്രിയായ '2018' എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ച ജൂഡ് ആന്തണി ജോസഫാണ് ചിത്രം ഒരുക്കുന്നത്. 'എംവി കൈരളി: ദി എൻഡ്യൂറിങ് മിസ്റ്ററി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോൺഫ്‌ളൂവൻസ് മീഡിയയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അമേരിക്കൻ എഴുത്തുകാരൻ ജെയിംസ് റൈറ്റ്, മാധ്യമപ്രവർത്തകനും കോൺഫ്‌ളൂവൻസ് മീഡിയ സ്ഥാപകനുമായ ജോസി ജോസഫ്, ജൂഡ് ആന്തണിക്കൊപ്പം ചേർന്നാണ് തിരക്കഥ രചിക്കുന്നത്. കാണാതായ കപ്പലിന്റെ ക്യാപ്റ്റൻ മരിയാദാസ് ജോസഫിന്റെ മകൻ, റിട്ടയേഡ് ലെഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് എഴുതിയ 'ദി മാസ്റ്റർ മറിനർ' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ആഴിമുഖം ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ ഓഗസ്റ്റ് 25-ന് കൊച്ചിയിൽ പ്രകാശനം ചെയ്യും.
എംവി കൈരളിയിലെ യാത്രക്കാർക്കുള്ള ആദരവും ഒരിക്കലും അവസാനിക്കാത്ത ഈ ദുരൂഹതയ്ക്ക് ഒരു ചലച്ചിത്രപരമായ പരിസമാപ്തി നൽകാനുള്ള ശ്രമവുമാണ് ഈ സിനിമയെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. 'അപ്രത്യക്ഷമായില്ലായിരുന്നെങ്കിൽ, കൈരളി കേരളത്തിന്റെ സമുദ്രയാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാകുമായിരുന്നു. എന്നാൽ, 51 ജീവിതങ്ങൾ അപ്രത്യക്ഷമാവുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തു,' അദ്ദേഹം കൂട്ടിച്ചേർത്തു.
നെറ്റ്ഫ്ലിക്സിൽ ശ്രദ്ധ നേടിയ 'ബ്ലാക്ക് വാറന്റ്' എന്ന സീരീസിന് ശേഷം കോൺഫ്‌ളൂവൻസ് മീഡിയ നിർമ്മിക്കുന്ന സുപ്രധാന ചിത്രമാണിത്. ദീർഘകാലത്തെ ഗവേഷണത്തിന് ശേഷമാണ് ചിത്രം ഒരുക്കുന്നതെന്നും യഥാർത്ഥ ചരിത്ര സംഭവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും നിർമ്മാതാക്കൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.