- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംവി കൈരളി: കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ നിഗൂഢത ചലച്ചിത്രമാകുന്നം; സംവിധാനം ജൂഡ് ആന്തണി ജോസഫ്
കൊച്ചി: കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ എക്കാലത്തേയും വലിയ നിഗൂഢതയായ എം.വി കൈരളി കപ്പല്‍ തിരോധനത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. 'എം.വി. കൈരളി ദി എന്‍ഡ്യൂറിംഗ് മിസ്റ്ററി'' എന്ന സിനിമ കോണ്‍ഫ്‌ളൂവന്‍സ് മീഡിയയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 2024-ല്‍ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായിരുന്ന '2018'' എന്ന സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ആണ് ഈ ചിത്രം ഒരുക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സീരീസുകളിലൊന്നായ ''ബ്ലാക്ക് വാറന്റ്'' എന്ന ജയില്‍ ത്രില്ലറിന്റെ വിജയത്തിന് ശേഷം കോണ്‍ഫ്‌ളൂവന്‍സ് മീഡിയയൊരുക്കുന്ന ഈ സിനിമ മറ്റൊരു നാഴികകല്ലായിരിക്കുമെന്നാണ് പ്രതീക്ഷ. നീണ്ടകാലത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത് എന്നും യഥാര്‍ത്ഥ ചരിത്രസംഭവങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് ചലച്ചിത്ര രൂപത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണിതെന്നും കോണ്‍ഫ്‌ളൂവന്‍സ് മീഡിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
ജൂഡ് ആന്തണിക്കൊപ്പം അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് റൈറ്റും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും കോണ്‍ഫ്‌ളൂവന്‍സ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. എം.വി. കൈരളിയുടെ ക്യാപ്റ്റനായ മരിയാദാസ് ജോസഫിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകന്‍, ലെഫ്റ്റനന്റ് കേണല്‍ തോമസ് ജോസഫ് (റിട്ട.) എഴുതിയ പുസ്തകമാണ് ഈ സിനിമയുടെ അടിസ്ഥാനം. അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിച്ച, ആഴത്തിലുള്ള ഗവേഷണവും വൈകാരികമായ ആവിഷ്‌കാരവും നിറഞ്ഞ 'ദി മാസ്റ്റര്‍ മറിനര്‍' എന്ന, ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഓഗസ്റ്റ് 25-ന് കൊച്ചിയില്‍ പ്രകാശനം ചെയ്യും.
എം.വി. കൈരളിയിലെ യാത്രികര്‍ക്കുള്ള ആദരവും ഒരിക്കലും അവസാനിക്കാത്ത ഈ ദുരൂഹതയ്ക്ക് ചലച്ചിത്രപരമായ ഒരു പരിസമാപ്തി നല്‍കാനുള്ള ശ്രമവുമാണ് ഈ സിനിമയെന്ന് ജൂഡ് ആന്തണി പറഞ്ഞു. ''അപ്രത്യക്ഷമായില്ലായിരുന്നെങ്കില്‍, എം.വി. കൈരളിയും അത് കൈവരിക്കുന്ന നേട്ടങ്ങളും കേരളത്തിന്റെ സമുദ്രയാന ചരിത്രത്തില്‍ തിളക്കമേറിയ അധ്യായമായി മാറിയേനെ. അത് നമ്മളോരോരുത്തര്‍ക്കും വലിയ അഭിമാനമാകുമായിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു; അമ്പത്തിയൊന്ന് ജീവിതങ്ങള്‍ അപ്രത്യക്ഷമായി, നിരവധി കുടുംബങ്ങള്‍ സ്ഥിരമായ ദുരിതത്തിലായി. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഒരു ദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ പലരും ജീവിതം മുഴുവന്‍ കാത്തിരുന്നു. ഒരു ഭരണകൂടത്തിനും ഒരു വ്യവസ്ഥയ്ക്കും അവരുടെ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാനാവില്ല. എം.വി. കൈരളിയുടെ കഥ സിനിമയാക്കുന്നതിലൂടെ, എന്റെ ഈ എളിയ ശ്രമം ആ കുടുംബങ്ങള്‍ക്ക് ഒരു ആശ്വാസമാകുമെന്ന് ഞാന്‍ കരുതുന്നു. അവരുടെ പ്രിയപ്പെട്ടവരെ ആരും മറന്നിട്ടില്ലെന്ന് ഉറപ്പ് കൂടിയാണ് ഈസിനിമ. എം.വി. കൈരളിയിലെ യാത്രികര്‍ക്കുള്ള ഞങ്ങളുടെ ആദരം കൂടിയായിരിക്കും ഇത്. ഈ അവസാനിക്കാത്ത അന്വേഷണത്തിന് സിനിമയിലൂടെയെങ്കിലും ഒരു പരിസമാപ്തി നല്‍കാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.''
നോര്‍വേയില്‍ നിര്‍മ്മിച്ചതും കേരള ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതുമായ, ഒരു ആധുനിക ചരക്ക് കപ്പലായിരുന്നു എം.വി. കൈരളി. 1979 ജൂണ്‍ 30-ന് ഇരുമ്പയിരുമായി ഈ കപ്പല്‍ ഗോവയില്‍ നിന്ന് യാത്ര തുടങ്ങി. ഒരു സ്ത്രീയും അവരുടെ ചെറിയ കുട്ടിയുമടക്കം 51 പേര്‍ കപ്പലിലുണ്ടായിരുന്നു. ജൂലൈ മൂന്നിന് അവസാന സന്ദേശം അയച്ച ശേഷം കപ്പല്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമായി. ജിബൂട്ടിയിലേക്കുള്ള യാത്രയിലായിരുന്നു അപ്പോള്‍ കപ്പല്‍. അവിടെ നിന്നായിരുന്നു അന്തിമ ലക്ഷ്യമായ കിഴക്കന്‍ ജര്‍മ്മനിയിലെ റോസ്റ്റോക്കിലേക്ക് തിരിക്കേണ്ടിയിരുന്നത്.
കപ്പല്‍ അപ്രത്യക്ഷമായതിനെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് കേരളമായിരുന്നു, കാരണം കപ്പലിലുണ്ടായിരുന്ന 23 പേരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. ഉദ്യോഗസ്ഥരുടെ ഹൃദയശൂന്യമായ നിസംഗതയെ അംഗീകരിക്കാന്‍ തീരത്ത് കാത്തിരുന്ന അവരുടെ ബന്ധുക്കള്‍ തയ്യാറായില്ല. തങ്ങളുടെ മാനസിക വ്യഥകളോടും സാമ്പത്തിക പ്രയാസങ്ങളോടും പടവെട്ടി അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അവരുടെ അശ്രാന്ത പരിശ്രമം വിവിധ ഭൂഖണ്ഡങ്ങളിലായി, പല തലങ്ങളിലായി, വ്യാപിച്ച് കിടക്കുന്ന രാഷ്ട്രീയ, കോര്‍പ്പറേറ്റ്, അന്താരാഷ്ട്ര ഗൂഢാലോചനകള്‍ പുറത്ത് കൊണ്ടുവന്നു.
ജീവിതത്തിലുടനീളം നീണ്ടു നിന്ന ഒരു വ്യഥക്കവസാനം വരുത്താനാണ് ഈ പുസ്തകമെഴുതിയത് എന്ന് 'ദി മാസ്റ്റര്‍ മറിനറിന്റെ രചയിതാവ്, ലെഫ്റ്റനന്റ് കേണല്‍ തോമസ് ജോസഫ് (റിട്ട.) പറഞ്ഞു.''കാണാതായ കൈരളി എന്ന കപ്പല്‍ ഒരു 15-കാരനായ കുട്ടിയുടെ ജീവിതത്തില്‍ സൃഷ്ടിച്ച ആഘാതം ചെറുതല്ല, അവന്റെ അച്ഛനെയും വഴികാട്ടിയെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. കപ്പല്‍ തട്ടിക്കൊണ്ടുപോയതാകാം എന്ന തരത്തില്‍ വന്ന തുടര്‍ച്ചയായ റിപ്പോര്‍ട്ടുകളും മാധ്യമ ഊഹാപോഹങ്ങളും കാരണം, ആ കപ്പലിലുണ്ടായിരുന്നവരുടെ കുടുംബങ്ങള്‍ ദിവസങ്ങളോളം, ആഴ്ചകളോളം, വര്‍ഷങ്ങളോളം ദുരിതത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെട്ടു. ഈ ഭയാനകമായ സംഭവത്തിന് 45 വര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും ഒരു പരിസമാപ്തിയുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് 'ദി മാസ്റ്റര്‍ മറിനര്‍' എന്ന പുസ്തകം. എനിക്ക് മാത്രമല്ല, ഇന്നും അവരുടെ പ്രിയപ്പെട്ടവര്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ 49 കുടുംബങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഈ പുസ്തകം.''
സസ്‌പെന്‍സും മനുഷ്യബന്ധങ്ങളിലെ നാടകീയതയും ഈ ചിത്രത്തില്‍ സമന്വയിക്കുന്നു. ഒമ്പത് വര്‍ഷം നീണ്ട കഠിനമായ ഗവേഷണമാണ് ഇതിന് അടിസ്ഥാനം. ധൈര്യം, അതിജീവനശേഷി, സത്യാന്വേഷണം എന്നീ വിഷയങ്ങളിലേക്ക് കടന്നുചെല്ലുന്നതോടൊപ്പം, ഭരണസംവിധാനങ്ങളുടെ പരാജയങ്ങളുടെയും അവ മൂടിവെക്കുന്നതിനുള്ള ശ്രമങ്ങളുടേയും ഇത് മനുഷ്യജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങളുടേയും കഥയാണിത്.
ദീര്‍ഘകാലമായി കൈരളിയുടെ കഥ സിനിമയാക്കുന്നതിന് വേണ്ടിയുള്ള ഗവേഷണത്തിലായിരുന്നു കോണ്‍ഫ്‌ളൂവന്‍സ് മീഡിയയുടെ സംഘമെന്ന്, ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയായ കോണ്‍ഫ്‌ളൂവന്‍സ് മീഡിയ സ്ഥാപകന്‍ ജോസി ജോസഫ് പറഞ്ഞു. 'വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷം, തോമസ് സാറിന്റെ പുസ്തകത്തിന്റെ സഹായത്തോടെ എം.വി. കൈരളിയെക്കുറിച്ചുള്ള ആധികാരികമായ ഒരു കഥ തയ്യാറാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഈ സിനിമ സംവിധാനം ചെയ്യാന്‍ ജൂഡിനേക്കാള്‍ പറ്റിയ മറ്റൊരാളില്ല. കപ്പലിന്റെ യാത്രയില്‍ മാത്രം ഒതുങ്ങാത്ത, കുടുംബങ്ങളുടെ ദുരന്തങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന, എം.വി. കൈരളിയുടെ യഥാര്‍ത്ഥ കഥ വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത് ഒരു ഉത്തരവാദിത്തം കൂടിയാണ്. നീതിയെക്കുറിച്ചുമുള്ള പുതിയ ചര്‍ച്ചകള്‍ക്കുള്ള അവസരമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നു.''
ജൂഡിനെ ഈ സംരംഭത്തില്‍ സഹായിക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള പ്രതിഭകളുമായി ചര്‍ച്ചയിലാണെന്ന് ജോസി പറഞ്ഞു. ഇത് സിനിമയെ ആഗോള നിലവാരത്തില്‍ ഉയര്‍ത്തിപിടിക്കാന്‍ സഹായകരമായും. കേരളം, മുംബൈ, അന്താരാഷ്ട്ര തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലൊക്കേഷനുകള്‍, എന്നിവിടങ്ങളിലാകും ചിത്രീകരണം.
അന്വേഷണാത്മകവും ഗുണനിലവാരമുള്ളതുമായ ഉള്ളടക്കങ്ങള്‍ എല്ലാ പ്ലാറ്റ്‌ഫോമുകളിലൂടെയും അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഒരു കണ്ടന്റ് സ്റ്റുഡിയോയാണ് കോണ്‍ഫ്‌ളൂവന്‍സ് മീഡിയ. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്റ്റുഡിയോകളുമായും പ്രൊഡക്ഷന്‍ ഹൗസുകളുമായും സഹകരിച്ച് സുപ്രധാനമായ സാമൂഹ്യ സംവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഡിജിറ്റല്‍ കണ്ടന്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നു.