നടന്‍ നസ്ലെന്റെ ഒരു സെല്‍ഫി രംഗം സാമൂഹിക മാധ്യമങ്ങളില്‍ ചൂടുപിടിക്കുകയാണ്. പ്രൊമോഷന്‍ പരിപാടിക്കിടയില്‍ തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ പ്രവര്‍ത്തിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച നസ്ലനെ, ചിലര്‍ പിന്തുണച്ചും മറ്റുചിലര്‍ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ്.

നസ്ലെന്റെ പുതിയ ചിത്രം 'ആലപ്പുഴ ജിംഖാന'യുടെ പ്രൊമോഷന്‍ പരിപാടിയിലാണ് സംഭവം നടന്നത്. ആരാധകരുടെ തിരക്കിലൂടെയായി നടന്‍ പ്രവേശിക്കുമ്പോള്‍ ഒരു ആരാധകന്‍ അപ്രതീക്ഷിതമായി തോളില്‍ കൈ വെച്ച് സെല്‍ഫിയെടുക്കുകയായിരുന്നു. ഇതിനോട് പ്രതികരണമായാണ് നസ്ലന്‍ ''ടാ വിടടാ, വിടടാ'' എന്നുപറഞ്ഞ് കൈ മാറ്റിപ്പിടിച്ചത്. അസ്വസ്ഥത നസ്ലന്റെ മുഖത്ത് വ്യക്തമായിരുന്നു.

വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തുന്നത്. 'ഒരു ആളുടെ ശരീരത്തില്‍ അയാളുടെ അനുവാദം ഇല്ലാതെ തൊടുന്ന കോമാളികളെ ഇങ്ങനെ തന്നെ ഊക്കി വിടണം' എന്നാണ് ഒരാള്‍ കുറിച്ചത്. 'തോളില്‍ കയ്യിടാന്‍ മാത്രം ബന്ധം ഇല്ലല്ലോ. അപ്പോള്‍ ശല്യം ചെയ്യരുത്...' എന്നാണ് ഒരാളുടെ കമന്റ്. അതേസമയം 'ഇവന്റെ ഒക്കെ ഫോട്ടോ എടുക്കാന്‍ പോയ ഫാന്‍ നെ പറഞ്ഞാല്‍ മതി' എന്നാണ് മറ്റൊരു കമന്റ്.

'സ്വന്തം റെസ്‌പെക്ട് കളഞ്ഞു ഇവരുടെ ഒക്കെ പുറകെ എന്തിനാ പോണെന്നു മനസിലാകുന്നില്ല, അവരും നമ്മളെപ്പോലെ മനുഷ്യരാണ്, ദൈവം ഒന്നും അല്ല, ജീവന്‍ രക്ഷിക്കുന്ന ഡോക്ടര്‍ക്ക് ഇവരേക്കാള്‍ റെസ്‌പെക്ട് കൊടുക്കാം' എന്നാണ് ഒരാളുടെ കമന്റ്. അതേസമയം എന്ത് ജാഡയാ തോളില്‍ പിടിച്ചന്ന് പറഞ്ഞു തോള്‍ ഉരുകി പോവില്ല, കൈ എടുക്കാന്‍ പറഞ്ഞതില്‍ എന്താണ് ഇത്ര തെറ്റ്, ഇവന്‍ വിനയത്തിന്റെ ഹോള്‍സേല്‍ ആണല്ലോ. എല്ലാ സമയവും ഒരുപോലെ ആവില്ലല്ലേ' എന്നൊക്കെയാണ് മറ്റ് ചില പ്രതികരണങ്ങള്‍.