ചെന്നൈ: കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ 'നായകൻ' 38 വർഷങ്ങൾക്കു ശേഷം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രത്തിന്റെ പുതിയ 4K റീമാസ്റ്ററിങ് പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. നവംബർ 6-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. കേരളത്തിൽ രഞ്ജിത്ത് മോഹൻ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.

കമൽഹാസന്റെ 71-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പുനരാവിഷ്കരണം. നവംബർ 7-നാണ് താരത്തിന്റെ ജന്മദിനം. 1987-ൽ പുറത്തിറങ്ങിയ 'നായകൻ' തമിഴ് സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. മുംബൈ അധോലോക നായകന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം, കമൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ വേലുനായ്ക്കരെ സമ്മാനിച്ചു. ചിത്രത്തിലെ അഭിനയത്തിന് കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

ശരണ്യ, നാസർ, ജനഗരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പി.സി. ശ്രീറാം ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് ഇളയരാജയാണ് സംഗീതം നൽകിയത്. സാമ്പത്തികമായും നിരൂപകരുടേയും പ്രശംസ നേടിയ 'നായകൻ' ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി. കമൽഹാസനും മണിരത്നവും പിന്നീട് 'തഗ് ലൈഫ്' എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചെങ്കിലും 'നായകൻ' നൽകിയ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല.