അടുത്തിടെ ഉണ്ടായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന വലിയ പ്രോജക്ടുകളില്‍ ഒന്നാണ് 'മൂക്കുത്തി അമ്മന്‍ 2'. സുന്ദര്‍ സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മൂക്കുത്തി അമ്മന്‍ എന്ന ദേവി ആയാണ് നയന്‍താര വേഷമിടുന്നത്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗമായാണ് സിനിമ എത്തുന്നത്.

മൂക്കുത്തി അമ്മനില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി നയന്‍താരയും കുടുംബവും വ്രതത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇഷാരി കെ ഗണേഷ്. ഒരു മാസമായി നയന്‍താരയും കുഞ്ഞുങ്ങളും അടക്കം വ്രതത്തിലാണ് എന്നാണ് നിര്‍മ്മാതാവ് പറഞ്ഞിരിക്കുന്നത്. ഈ സിനിമയുടെ പൂജ വലിയ രീതിയില്‍ തന്നെ ചെയ്തു.

സിനിമ ഇതിലും വലിയ രീതിയിലാകും ഒരുക്കുക. റിലീസ് അതിലും വലുതായി, പാന്‍ ഇന്ത്യന്‍ റീലീസ് ആയാകും എത്തുക എന്നും നിര്‍മ്മാതാവ് വ്യക്തമാക്കി. 2020ല്‍ ആണ് മൂക്കുത്തി അമ്മന്‍ എന്ന ആദ്യ ഭാഗം റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം വലിയ വിജയമായിരുന്നില്ല. എങ്കിലും ശ്രദ്ധ നേടിയിരുന്നു. ആര്‍ജെ ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്.

ആര്‍ജെ ബാലാജി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും. ഉര്‍വശി, സ്മൃതി വെങ്കട്ട്, മധു മൈലാങ്കൊടി, അബി നക്ഷത്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നില്‍ മൂക്കുത്തി അമ്മന്‍ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്. ഈ സിനിമയുടെ ഷൂട്ടിന് മുമ്പും നയന്‍താര വ്രതം എടുത്തിരുന്നു.