കാലിഫോർണിയ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന 'സ്ട്രേഞ്ചർ തിങ്സിന്റെ' അഞ്ചാം സീസൺ പ്രീമിയർ ചെയ്തതിന് പിന്നാലെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിന്റെ സേവനം തടസ്സപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് തകരാർ നേരിട്ടത്. ഒറ്റയടിക്ക് 14,000-ൽ അധികം വരിക്കാർക്കാണ് സേവനത്തിൽ തടസ്സം നേരിട്ടതായി ഔട്ടേജ് ട്രാക്കിങ് വെബ്സൈറ്റായ 'ഡൗൺ ഡിറ്റക്ടർ' റിപ്പോർട്ട് ചെയ്തത്.

മൂന്ന് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം എത്തിയ പരമ്പരയുടെ അവസാന സീസൺ കാണാനായി ഒരേസമയം വലിയൊരു വിഭാഗം പ്രേക്ഷകർ നെറ്റ്ഫ്ലിക്സിൽ പ്രവേശിക്കാൻ ശ്രമിച്ചതാണ് സെർവറുകൾക്ക് താങ്ങാനാവുന്നതിലും അധികമായ പ്രതിസന്ധി സൃഷ്ടിച്ചത്. പുതിയ എപ്പിസോഡുകൾ റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ഉപയോക്താക്കളുടെ സ്ക്രീനുകൾ പ്രവർത്തനരഹിതമാവുകയും നെറ്റ്ഫ്ലിക്സ് ആപ്പ് നിശ്ചലമാവുകയും ചെയ്തു.

ഇതോടെ, തങ്ങളുടെ ഇഷ്ടപ്പെട്ട സീരീസ് കാണാനാവാതെ വന്ന ആരാധകർ നിരാശയുമായി സമൂഹമാധ്യമങ്ങളിലേക്ക് തിരിഞ്ഞു. നെറ്റ്ഫ്ലിക്സിന്റെ സെർവർ സംവിധാനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. "വലിയ ഇവന്റുകൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് ലോകത്തിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിന് അറിയില്ലേ?" എന്നതായിരുന്നു പ്രധാന ചോദ്യം. "മൂന്ന് വർഷമായി സ്ട്രേഞ്ചർ തിങ്സ് സീസൺ 5നായി കാത്തിരിക്കുന്നു. ഒടുവിൽ അത് വന്നപ്പോൾ നെറ്റ്ഫ്ലിക്സ് ഡൗൺ ആണെന്ന് പറയുന്നുവോ?" എന്ന് നിരാശനായ ഒരു ആരാധകൻ എക്‌സിൽ കുറിച്ചത് പ്രേക്ഷകരുടെ പൊതുവികാരം വ്യക്തമാക്കുന്നു.

സേവനം തടസ്സപ്പെട്ടതിന് പിന്നാലെ #NetflixDown, #StrangerThings എന്നീ ഹാഷ്ടാഗുകൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗായി. ഒപ്പം, പരമ്പരയുടെ പ്രമേയവുമായി ബന്ധപ്പെടുത്തിയുള്ള ട്രോളുകളും വ്യാപകമായി പ്രചരിച്ചു. സ്ട്രേഞ്ചർ തിങ്സിലെ ഭീതിപ്പെടുത്തുന്ന 'അപ്സൈഡ് ഡൗൺ' ലോകം നെറ്റ്ഫ്ലിക്സിനെ തന്നെ വിഴുങ്ങിയോ എന്ന തരത്തിലുള്ള തമാശകളും പ്രചരിച്ചു. യു.എസിലെ താങ്ക്സ്ഗിവിങ് ദിനത്തോടനുബന്ധിച്ചാണ് 2016-ൽ ആരംഭിച്ച ഈ ജനപ്രിയ പരമ്പരയുടെ അവസാന സീസണിന്റെ റിലീസ് നെറ്റ്ഫ്ലിക്സ് നിശ്ചയിച്ചിരുന്നത്.