കൊച്ചി: മോഹൻലാൽ നായകനായ 'വൃഷഭ' ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തി. നന്ദ കിഷോർ സംവിധാനം ചെയ്ത ചിത്രം ഒരു പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസിന് പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആദ്യ ഷോകളിൽ നിന്ന് ലഭിക്കുന്നത്.

ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങളിൽ ടൈറ്റിൽ കാർഡിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ, സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ചിത്രത്തെ വിമർശിക്കുന്നവരിൽ ചിലർ 'ബറോസിനേക്കാൾ മോശം' എന്നും 'ഏത് രീതിയിൽ നോക്കിയാലും ദുരന്തം' എന്നും കുറിച്ചു. ചരിത്രപരമായ രംഗങ്ങളിലെ വിഎഫ്എക്സ് നിലവാരം കുറഞ്ഞതാണെന്നും, ഡബ്ബിംഗും സംഭാഷണങ്ങളും 'ടെറിബിൾ' ആണെന്നും അഭിപ്രായങ്ങൾ ഉയർന്നു.

മോഹൻലാൽ ഇത്തരം സിനിമകൾ തിരഞ്ഞെടുക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ചിലർ വിമർശിച്ചു. മറുവശത്ത്, ചിത്രത്തെ അനുകൂലിക്കുന്നവരും കുറവല്ല. 'ഫന്റാസ്റ്റിക് ഫസ്റ്റ് ഹാഫും അതിമനോഹരമായ സെക്കൻഡ് ഹാഫും' ഉണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയിൽ മുമ്പ് കണ്ടിട്ടില്ലാത്ത ക്ലൈമാക്സ് ആണെന്നും ചിലർക്ക് അഭിപ്രായമുണ്ട്. ഇന്റർവെൽ രംഗങ്ങളും സാം സി എസിന്റെ സംഗീതവും നന്നായി എന്നും, ചിലയിടങ്ങളിൽ മോഹൻലാൽ തകർത്ത് അഭിനയിച്ചെന്നും, ഇതൊരു 'വൺ ടൈം വാച്ച്' ആണെന്നും ചിലർ കുറിച്ചു.