കൊച്ചി: അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്ത 'രവീന്ദ്രൻ, നീ എവിടെ?' എന്ന ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ പ്രദർശനം ആരംഭിച്ചു. സൈന പ്ലേയിലൂടെയാണ് ഈ ചിത്രം സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. ജൂലൈ 18-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഒന്നര മാസത്തിനു ശേഷമാണ് ഒ.ടി.ടി.യിലെത്തിയിരിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥ പറയുന്ന ചിത്രത്തിൽ അനൂപ് മേനോൻ രവീന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷീലു എബ്രഹാം ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് ഉള്ളേരിയാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവർ ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അസീസ് നെടുമങ്ങാട്, സിദ്ദിഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, ഷീലു എബ്രഹാം, അപർണതി, എൻ.പി. നിസ, ഇതൾ മനോജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.