കൊച്ചി: ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിക്കുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമായ 'കർണ്ണിക' യുടെ റിലീസിനോട് അനുബന്ധിച്ച് ഏരീസ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഇൻഡിവുഡ് ടാലന്റ് ക്ലബ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു .

ടാലന്റ് ക്ലബ്ബ് പ്രവർത്തിക്കുന്ന കലാലയങ്ങളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ആയിരിക്കും മത്സരങ്ങൾ നടക്കുക . ഇനിയും ടാലന്റ് ക്ലബ്ബിന്റെ ഭാഗമാകാത്ത കുട്ടികൾക്കും ക്ലബ്ബിൽ ചേരാനുള്ള സുവർണ്ണ അവസരം കൂടിയാണ് ഇത് .

സ്‌കൂളുകളിലും കോളേജുകളിലും സിനിമായോട് അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി ആരംഭിച്ച ടാലെന്റ് ക്ലബുകളിലെ അംഗങ്ങൾക്ക്, സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാൻസ് ,പോസ്റ്റർ ഡിസൈനിങ്, ആൽബം മേക്കിങ് എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുകയാണ് . വിജയികൾക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം ഏരീസ് ഗ്രൂപ്പിന്റെ അടുത്ത ചിത്രത്തിൽ അവസരവും ലഭിക്കും.

കവിത, സംവിധാനം, ചലച്ചിത്ര നിർമ്മാണം, തിരക്കഥ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സർ സോഹൻ റോയ് പ്രോജക്ട് ഡിസൈൻ ചെയ്തിരിക്കുന്ന '
കർണിക ' എന്ന സിനിമയിലൂടെ, സിനിമാ മേഖലയുടെ വിവിധ തലങ്ങളെ അടുത്തറിയാനും കുട്ടികൾക്ക് മത്സരത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി ചിത്രങ്ങളാണ് ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ ഇതിനോടകം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

'സിനിമാ മേഖലയിൽ താല്പര്യമുള്ള നിരവധി വിദ്യാർത്ഥികൾ ആണ് ക്യാമ്പസുകളിൽ നിലവിലുള്ളതെന്നും എന്നാൽ അതിലേക്ക് എത്തിപ്പെടാൻ എന്ത് ചെയ്യണം എന്നുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശം ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം . അതുകൊണ്ടുതന്നെ ടാലന്റ് ക്ലബ്ബിലൂടെ കുട്ടികൾക്ക് ഇപ്പോൾ സുവർണ്ണ അവസരമാണ് ലഭിച്ചിരിക്കുന്നത്. നാളത്തെ സിനിമയുടെ വാഗ്ദാനങ്ങൾ ആയിരിക്കും കർണിക എന്ന ചിത്രത്തെ അടിസ്ഥാനമാക്കി നടത്തുന്ന ഈ മത്സരത്തിലൂടെ രംഗത്തെത്തുക . സ്‌കൂൾ മാനേജ്‌മെന്റും രക്ഷകർത്താക്കളും കുട്ടികൾക്ക് വേണ്ടുന്ന പ്രോത്സാഹനങ്ങൾ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ഇൻഡിവുഡ് ടാലന്റ് ക്ലബ്ബ് എന്ന് ' സോഹൻ റോയ് പറഞ്ഞു .
അതിനോടൊപ്പം ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിലെ, 'ഏരീസ് കിഡ്‌സ് കരിയർ ഡിസൈൻ' പ്രോഗ്രാമിന്റെ ഭാഗമായിരിക്കുന്നത് നിരവധി കുട്ടികളാണ് . ഓരോ വിദ്യാർത്ഥിക്കും ജന്മസിദ്ധമായ ലഭിച്ച കഴിവുകൾ കണ്ടറിഞ്ഞ് അവയോട് പൊരുത്തപ്പെടുന്ന കരിയർ മേഖലയിൽ ചെറുപ്പം മുതലേ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.

മലയാളം, തമിഴ് താരങ്ങളായ വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൽ ടി ജി രവി ഒരു പ്രധാന കഥാപാത്രമായെത്തുന്നു. സിനിമ ജൂലൈ അവസാനവാരം തിയേറ്ററുകളിൽ എത്തും.