തിരുവനന്തപുരം: മലയാള സിനിമാസ്വാദകരും മോഹന്‍ലാല്‍ ആരാധകരും കാത്തിരിക്കുന്ന പ്രിയദര്‍ശന്റെ നൂറാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും. പ്രിയദര്‍ശന്‍ മുന്‍പ് വെളിപ്പെടുത്തിയതു പോലെ മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. മോഹന്‍ലാലും പ്രിയദര്‍ശനും ആന്റണി പെരുമ്പാവൂരും ബിനു ജോര്‍ജ് അലക്സാണ്ടറും ഒരുമിച്ചുള്ള വീഡിയോയിലായിരുന്നു പ്രഖ്യാപനം. മ്യൂസിക്കും ഡ്രാമയും ആക്ഷനും എല്ലാം കോര്‍ത്തിണക്കിയ എന്റര്‍ടെയ്‌നറായിക്കും ചിത്രം. ആദ്യത്തെ സിനിമയില്‍ അഭിനയിച്ച അതേ നായകന്‍ നൂറാമത്തെ സിനിമയില്‍ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഇതാര്‍ക്കും തിരുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശീര്‍ വാദ് സിനിമാസ് നിര്‍മിക്കുന്ന 39-ാമത് ചിത്രം കൂടിയാണിത്.

പ്രിയദര്‍ശന്‍ പറഞ്ഞത്

100മത്തെ എന്റെ സിനിമ എന്നതിലുള്ള സുഖമല്ല, ആദ്യത്തെ സിനിമയിലഭിനയിച്ച അതേ നായകന്‍ 100-ാമത്തെ സിനിമയിലും അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിലാദ്യമാണ്. അതിന്റെ സുഖം എന്തെന്നാല്‍, ഈ റെക്കോര്‍ഡ് ഒരുകാലത്തും തിരുത്തി എഴുതിപ്പെടാന്‍ പോകുന്നില്ല. ആ റെക്കോര്‍ഡ് കൂടിയാണ് സിനിമ ചെയ്യുന്നത്. സിനിമ നല്ലതോ ചീത്തയോ അത് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഈ സിനിമ എന്താണെന്ന് അറിയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടാവും. നല്ലൊരു എന്റര്‍ടെയ്‌നറായിരിക്കും. മ്യൂസിക് ആന്റ് ഡ്രാമ. പിന്നെ ആക്ഷന്‍. ആക്ഷന്‍ ഇല്ലാതിരിക്കാന്‍ പറ്റില്ലല്ലോ. മോഹന്‍ലാല്‍ സിനിമയില്‍ ആക്ഷന്‍ എല്ലാവരും പ്രതീക്ഷിക്കും. എല്ലാവര്‍ക്കും ദഹിക്കുന്നൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ബാക്കി ഈശ്വരന്റെ കയ്യില്‍.

മോഹന്‍ലാലിന്റെ വാക്കുകള്‍

ഒരു സുഹൃത്തും നടനും എന്ന നിലയില്‍ ഞാന്‍ വളരെയധികം അനുഗ്രഹീതനാണ്. പ്രിയന്‍ തുടങ്ങിയ സിനിമയിലും 100-ാമത്തെ സിനിമയിലും ഞാനാണ് നായകന്‍. ഇനി എഴുതാന്‍ പോകുന്ന ചില കഥകളിലെ നായകനും ഞാനാണ്. വളരെയധികം സന്തോഷം. ഈശ്വരാനുഗ്രഹം. സിനിമയുടെ ഗുണഗണങ്ങളൊക്കെ പിന്നീട് പറയാം. നല്ലൊരു സിനിമയായി മാറട്ടെ.