തിരുവനന്തപുരം: കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. പൃഥ്വിരാജിനെ നായകനാക്കി നോബഡി എന്ന പേരിലാണ് ചിത്രമെത്തുക.ചിത്രത്തിന്റെ രചന റോഷാക്കിന്റെയും രചയിതാവ് ആയിരുന്ന സമീര്‍ അബ്ദുള്‍ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ 4 എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ വിജയാഘോഷ വേദിയിലായിരുന്നു പുതിയ സിനിമയുടെ പ്രഖ്യാപനം.നിര്‍മ്മാതാവ് എന്നതിനേക്കാള്‍ അഭിനേതാവ് എന്ന നിലയില്‍ തന്നെ ആവേശം കൊള്ളിക്കുന്ന ചിത്രമാണിതെന്നും 'പരിചിതമായ ജോണറിനെ പുതിയ രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പൃഥ്വിരാജ് വേദിയില്‍ പറഞ്ഞു.നിസാം ബഷീര്‍ താന്‍ ഏറെ ശ്രദ്ധിക്കുന്ന സംവിധായകനാണ്.കെട്ട്യോളാണ് എന്റെ മാലാഖയുടെ ചിത്രീകരണ സമയത്തുതന്നെ നിസാം ബഷീര്‍ എന്ന പേര് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.ആ ചിത്രത്തിന്റെ നിര്‍മ്മാതാവും എന്റെ സുഹൃത്തുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് കഴിവുറ്റ ഒരു സംവിധായകന്റെ കടന്നുവരവിനെക്കുറിച്ച് എന്നോട് പറഞ്ഞതെന്നും പൃഥ്വി കുട്ടിച്ചേര്‍ത്തു.

'ഇതില്‍ എല്ലാം ഉണ്ട്. ത്രില്ലര്‍ ആണ്, കുറച്ച് ഫാലിമി ഡ്രാമ ഉണ്ട്, കുറച്ച് ഹെയ്സ്റ്റ്, ആക്ഷന്‍ ഉണ്ട്. സാമൂഹ്യ രാഷ്ട്രീയ മാനവുമുണ്ട്' എന്നായിരുന്നു സംവിധായകന്‍ നിസാം ബഷീര്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.'റോഷാക്കുമായി ഒരു സാമ്യവുമില്ലാത്ത വിഷയമാണ്. പ്രധാനമായും സോഷ്യോ പൊളിറ്റിക്കല്‍ ആണ് ചിത്രം. ഡാര്‍ക് ഹ്യൂമര്‍ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ടെന്ന് എഴുത്തുകാരന്‍ സമീര്‍ അബ്ദുള്‍ പറയുന്നു.ചിത്രത്തിലെ മറ്റ് താരനിരയുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുകള്‍ പ്രഖ്യാപിച്ചിട്ടില്ല.