കൊച്ചി: ഹേമകമ്മറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളും നിലവില്‍ കേരളത്തിലെ തിയേറ്ററുകളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ച്ച റിലീസായ ഫൂട്ടേജ്, പാലും പഴവും ഹണ്ടുമൊക്കെ കലക്ഷനില്‍ വളരെ പിറകിലാണ്. ഈ ആഴ്ച്ച വലിയ റിലീസുകള്‍ ഒന്നും തന്നെ മലയാളത്തില്‍ ഇല്ല.ഇനി ഓണം റിലീസുകളിലാണ് തിയേറ്ററുകളുടെയും നിര്‍മ്മാതാക്കളുടെയും പ്രതീക്ഷ.

പ്രതിച്ഛായനഷ്ടം സിനിമകളുടെ ഓണം റിലീസിനെ ബാധിക്കില്ലെന്നാണ് പ്രത്യാശിക്കുന്നത്.മലയാളത്തില്‍ നാല് ഓണച്ചിത്രങ്ങള്‍ സെപ്റ്റംബര്‍ 12, 13 തീയതികളിലായി റിലീസ് ചെയ്യും. ടൊവിനോ തോമസ് ചിത്രം 'അജയന്റെ രണ്ടാം മോഷണം', ആന്റണി പെപ്പേയുടെ 'കൊണ്ടല്‍', ആസിഫ് അലിയുടെ 'കിഷ്‌കിന്ധാകാണ്ഡം', ഒമര്‍ ലുലു സംവിധാനംചെയ്ത് റഹ്മാന്‍ പ്രധാനവേഷത്തിലെത്തുന്ന 'ബാഡ് ബോയ്‌സ്' എന്നിവയാണ് പ്രധാന ഓണച്ചിത്രങ്ങള്‍.

അഞ്ചാം തീയതി വിജയ് നായകനായ 'ഗോട്ട്' തിേയറ്ററുകളിലെത്തും.ഇപ്പോഴത്തെ വിവാദം പ്രേക്ഷകരെ സ്വാധീനിക്കില്ലെന്ന് തിയേറ്ററുടമകളുടെ സംഘടന ഫിയോകിന്റെ വൈസ് പ്രസിഡന്റ് സോണി തോമസ് പറഞ്ഞു.നല്ലസിനിമകളാണെങ്കില്‍ കാണാന്‍ ആളുണ്ടാകും. പ്രേക്ഷകര്‍ക്ക് പ്രധാനം കണ്ടന്റ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.