മുബൈ: ബോളിവുഡിലും നിറയെ ആരാധകരുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. ചുരുങ്ങിയ സമയം കൊണ്ട് കോമഡി സിനിമകളിലൂടൈ ബോളിവുഡ് സിനിമാ പ്രേക്ഷകരെ കൈയിലെടുക്കാന്‍ പ്രിയദര്‍ശനായി. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ഭൂത് ബംഗ്ലാ ആണ് പ്രിയദര്‍ശന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഇതിനിടെ വീണ്ടും മലയാളത്തില്‍ നിന്നുള്ള മറ്റൊരു റീമേക്കിനാണ് അദ്ദേഹം ഒരുങ്ങുന്നത്.

ഇത്തവണ സെയ്ഫ് അലി ഖാന്‍ ആണ് പ്രിയദര്‍ശന്റെ നായകനായെത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി 2016ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് സെയ്ഫ് അലി ഖാന്‍ എത്തുക. ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെയ്ഫ് അലി ഖാനും പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്.

ബോബി ഡിയോള്‍ ആണ് സിനിമയില്‍ വില്ലനായി എത്തുന്നതെന്നും വാര്‍ത്തകളുണ്ട്. ഒപ്പത്തില്‍ മോഹന്‍ലാല്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. മോഹന്‍ലാലിന്റെ പ്രകടനവും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജൂവല്‍ തീഫ് - ദ് ഹീസ്റ്റ് ബി?ഗിന്‍സ് ആണ് സെയ്ഫിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

വ്യാഴാഴ്ച നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും. അതേസമയം, അക്ഷയ് കുമാര്‍ ചിത്രം ഭൂത് ബം?ഗ്ലായുടെ ചിത്രീകരണം പുരോ?ഗമിക്കുകയാണ്. അക്ഷയ് കുമാറിനൊപ്പം പ്രിയദര്‍ശന്‍ 14 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അക്ഷയ് കുമാര്‍, ശോഭ കപൂര്‍, എക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കോമഡി ഹൊറര്‍ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹന്‍ ശങ്കര്‍, അഭിലാഷ് നായര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 2ന് ചിത്രം പ്രദര്‍ശനത്തിനെത്തും.