തിരുവനന്തപുരം: ശ്രദ്ധേയങ്ങളായ കഥാസമാഹാരങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി വായനക്കാരുടെ പ്രിയംനേടിയ എഴുത്തുകാരനാണ് പി വി ഷാജികുമാര്‍.ഷാജി കുമാറിന്റെ ആദ്യ നോവലായ മരണവംശം മികച്ച അഭിപ്രായം നേടി വില്‍പ്പന തുടരുകയാണ്.പ്രകാശനച്ചടങ്ങഇല്‍ വച്ച് തന്നെ നോവല്‍ സിനിമയാക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു.

ഇപ്പോഴിത നോവലിന്റെ കഥയെന്തെന്ന് ചോദിച്ച് മമ്മൂട്ടി മെസേജ് അയച്ച കാര്യം തുറന്ന് പറയുകയാണ് കഥാകൃത്ത്.പുസ്തകം മമ്മൂട്ടിക്ക് കൈമാറുന്ന ചിത്രം ഉള്‍പ്പടെ പങ്കുവെച്ച് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് ഷാജികുമാര്‍ സന്തോഷം പങ്കുവെച്ചത്.ഒരു മാസം മുന്‍പ് മരണവംശത്തിന്റെ കഥ എന്താണെന്ന് ചോദിച്ച് മമ്മൂട്ടി മെസേജ് ഇട്ടിരുന്നുവെന്നും ഒടുവില്‍ കഴിഞ്ഞ ദിവസം പുസ്തകം കൈമാറിയെന്നും ഷാജി കുമാര്‍ കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

'എന്താണ് മരണവംശത്തിന്റെ കഥ .."ഒരു മാസം മുമ്പ് വാട്സാപ്പില്‍ മമ്മൂക്കയുടെ മെസ്സേജ്. '2016-ല്‍ പുത്തന്‍പണത്തിന്റെ ഷൂട്ട് സമയത്ത് ഞാനീ കഥ മമ്മൂക്കയോട് പറഞ്ഞിരുന്നു ..' 'ഞാനത് മറന്നുപോയല്ലോ..' 'ഞാന്‍ നോവലും കൊണ്ടുവരാം.."വരൂ..' തിരക്കിനിടയില്‍ മമ്മൂക്കക്ക് നോവല്‍ വായിക്കാനൊക്കെ എവിടെ നേരം എന്നാലോചിച്ച് ഞാന്‍ പോയിക്കണ്ടില്ല. മൂന്നാഴ്ച മുമ്പ് മറ്റൊരു പരിപാടിയില്‍ വെച്ച് കണ്ടപ്പോള്‍ മമ്മൂക്ക വീണ്ടും ചോദിച്ചു."എവിടെ മരണവംശം.." അങ്ങനെ ഇന്നലെ പോയി മമ്മൂക്കയെ കണ്ടു. മരണവംശം കൊടുത്തു. കഥ തുടരും..', എന്നാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ഷാജി കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പ്രകാശനച്ചടങ്ങില്‍ വച്ചാണ് 'മരണവംശം' സിനിമയാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നടനും സംവിധായകനുമായ രാജേഷ് മാധവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മരണവംശം, ഷാജികുമാറിന്റെ ആദ്യ നോവലാണ്. കാസര്‍കോടിനും കര്‍ണാടകയ്ക്കും അതിര്‍ത്തിയായി ഉള്ള ഏര്‍ക്കാന എന്ന സാങ്കര്‍പ്പിക പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണ് മരണവംശം. മൂന്ന് തലമുറകളുടെ സ്നേഹവും പ്രതികാരവുമാണ് ഇതിവൃത്തം.

ജനം, വെള്ളരിപ്പാടം, കിടപ്പറസമരം തുടങ്ങിയ കഥാസമാഹാരങ്ങള്‍ രചിച്ച ഷാജികുമാര്‍, ടേക്ക് ഓഫ്, കന്യക ടാക്കീസ്, ടീച്ചര്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ പുത്തന്‍പണം എന്ന ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് പി വി ഷാജികുമാര്‍ ആയിരുന്നു.