ലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ പാർവതി തിരുവോത്ത് തന്റെ കരിയറിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെക്കുറിച്ച് മനസ്സ് തുറക്കുന്നു. 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ അരങ്ങേറി ബോളിവുഡ് വരെ എത്തിയ പാർവതി, കുറച്ചു വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി ചിത്രം 'കസബ'യെ വിമർശിച്ചതിനെത്തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളെക്കുറിച്ചും അത് തന്റെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്നുമാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം അന്നത്തെ ഭീകരമായ അനുഭവങ്ങൾ പങ്കുവെച്ചത്.

സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിക്കവെ പാർവതി 'കസബ' എന്ന ചിത്രത്തിലെ ചില രംഗങ്ങളെ വിമർശിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ആ സംഭവത്തെക്കുറിച്ച് പാർവതി പറയുന്നത് ഇങ്ങനെ:

"ആ സമയത്ത് ഞാൻ മമ്മൂട്ടി സാറുമായി സംസാരിച്ചിരുന്നു. അദ്ദേഹം വളരെ ശാന്തനായിരുന്നു. പക്ഷേ പുറത്ത് ആളുകൾ വലിയ രീതിയിൽ പ്രകോപിതരായിരുന്നു. 'നിങ്ങൾ ശാന്തനായിരിക്കാം, പക്ഷേ ജനങ്ങൾ അങ്ങനെയല്ല. അതുകൊണ്ട് ദയവായി ഒരു പ്രസ്താവന പുറപ്പെടുവിക്കണം' എന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഏറെ വൈകിയാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടുപോയിരുന്നു."

സൈബർ ആക്രമണം എല്ലാ പരിധികളും ലംഘിച്ചതോടെ താൻ വല്ലാതെ ഭയപ്പെട്ടുപോയെന്ന് പാർവതി പറയുന്നു. വധഭീഷണികൾ വരെ ഉണ്ടായ ആ കാലത്ത് പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു. അത് തന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ മോശമായി ബാധിച്ചുവെന്നും താരം ഓർത്തെടുക്കുന്നു.

വിവാദം കത്തിനിൽക്കുന്ന സമയത്ത് ഒരു പുരസ്കാര ചടങ്ങിൽ നേരിടേണ്ടി വന്ന ദുരനുഭവവും പാർവതി പങ്കുവെച്ചു. പതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത ആ പരിപാടിയിൽ സ്റ്റേജിലേക്ക് നടന്നപ്പോൾ കയ്യടികൾക്ക് പകരം വലിയ രീതിയിലുള്ള കൂവലുകളാണ് പാർവതിക്ക് നേരിടേണ്ടി വന്നത്.

"അവാർഡ് വാങ്ങാനായി ഞാൻ സ്റ്റേജിലേക്ക് നടക്കുകയാണ്. പതിനായിരത്തോളം വരുന്ന കാണികൾ ഒന്നടങ്കം എന്നെ കൂവാൻ തുടങ്ങി. ആ നിമിഷം ഞാൻ തളർന്നുപോയി. പതുക്കെ നടക്കണം, കാല് തട്ടി വീഴരുത്, പ്രസംഗം കൃത്യമായി പൂർത്തിയാക്കണം എന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. ഏഴ് മിനിറ്റ് നീണ്ട ആ പ്രസംഗം എനിക്ക് ഏഴ് വർഷം പോലെയാണ് തോന്നിയത്," പാർവതി പറഞ്ഞു.

ആക്രമണങ്ങൾ ശക്തമായിരുന്നപ്പോഴും തന്നെ പിന്തുണയ്ക്കുന്ന ഒരു ചെറിയ വിഭാഗം ഉണ്ടായിരുന്നുവെന്നും അത് വലിയ ആശ്വാസമായിരുന്നുവെന്നും താരം പറയുന്നു. അന്നത്തെ പ്രശ്നം പാർവതി എന്ന വ്യക്തിയോടായിരുന്നില്ലെന്നും, താൻ ഉയർത്തിയ നിലപാടിനോടായിരുന്നുവെന്നും പിന്നീട് തനിക്ക് ബോധ്യപ്പെട്ടു. വലിയ രീതിയിലുള്ള ട്രോളുകളും ഒറ്റപ്പെടുത്തലുകളും നേരിട്ടെങ്കിലും തന്റെ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ പാർവതി തന്റെ കരിയറിൽ മുന്നേറുകയായിരുന്നു.

സിനിമാ മേഖലയിലെ മാറ്റങ്ങളെക്കുറിച്ചും വ്യക്തിപരമായ നിലപാടുകളെക്കുറിച്ചും പാർവതി നടത്തിയ ഈ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.