കൊച്ചി: റിലീസിനൊരുങ്ങി ഷറഫുദ്ദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന 'പെറ്റ് ഡിറ്റക്ടീവ്'. ചിത്രം ഒക്ടോബർ 16ന് ആഗോളതലത്തിൽ റിലീസ് ചെയ്യും ഷറഫുദ്ദീൻ പ്രൊഡക്ഷൻസും ശ്രീ ഗോകുലം മൂവീസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം, കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു ഫൺ-ഫാമിലി കോമഡി എൻ്റർടെയ്നർ ആയിരിക്കും. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പെറ്റ് ഡിറ്റക്ടീവ്' സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്.

സംവിധായകനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം 'പ്രേമ'ത്തിന് ശേഷം ഷറഫുദ്ദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്നു എന്നതും, ഷറഫുദ്ദീൻ്റെ സൂപ്പർഹിറ്റ് ചിത്രം 'പടക്കള'ത്തിന് ശേഷം അദ്ദേഹത്തിൻ്റെതായി പുറത്തിറങ്ങുന്ന ചിത്രമെന്നതും പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

രാജേഷ് മുരുകേശൻ്റെ സംഗീതത്തിലുള്ള ഗാനങ്ങളും പുറത്തിറങ്ങിയ പോസ്റ്ററുകളും ചിത്രത്തിൻ്റെ വിനോദസ്വഭാവം വിളിച്ചോതുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് അഭിനവ് സുന്ദറാണ് കൈകാര്യം ചെയ്യുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ചിത്രത്തിൻ്റെ സംഗീത അവകാശം സ്വന്തമാക്കിയിട്ടുണ്ട്.