കൊച്ചി: 'ഭ്രമയുഗം' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ വിസ്മയിപ്പിച്ച സംവിധായകൻ രാഹുൽ സദാശിവൻ്റെ പുതിയ ഹൊറർ ത്രില്ലർ 'ഡീയസ് ഈറേ'യുടെ ടീസർ പുറത്തിറങ്ങി. പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിൻ്റെ ടീസർ, ഭീതിയും ആകാംക്ഷയും നിറഞ്ഞ ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

'ക്രോധത്തിൻ്റെ ദിനം' (The Day of Wrath) എന്ന് അർത്ഥം വരുന്ന ലാറ്റിൻ പദമാണ് ചിത്രത്തിൻ്റെ തലക്കെട്ട്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. 'ഭ്രമയുഗ'ത്തിൻ്റെ വിജയത്തിന് ശേഷം സംവിധായകൻ രാഹുൽ സദാശിവനും നിർമ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ഡീയസ് ഈറേ'യ്ക്കുണ്ട്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ഇന്ത്യൻ ഹൊറർ സിനിമകൾക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചു.

ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രസംയോജനം ഷഫീക്ക് മുഹമ്മദ് അലിയും കലാസംവിധാനം ജ്യോതിഷ് ശങ്കറുമാണ്. ജയദേവൻ ചക്കാടത്ത് (സൗണ്ട് ഡിസൈൻ), എം.ആർ. രാജാകൃഷ്ണൻ (സൗണ്ട് മിക്‌സ്), റൊണക്സ് സേവ്യർ (മേക്കപ്പ്), കലൈ കിംഗ്സൺ (സംഘട്ടനം), മെൽവി ജെ (വസ്ത്രാലങ്കാരം) എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ. ശബരിയാണ് ചിത്രത്തിൻ്റെ പിആർഒ.