പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൊറർ ത്രില്ലർ ചിത്രം 'ഡീയസ് ഈറേ'യ്ക്ക് സെൻസർ ബോർഡിന്റെ 'എ' സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ഒക്ടോബർ 31 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 'ക്രോധത്തിന്റെ ദിനം' എന്ന് അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിനു ശേഷം പ്രണവ് നായകനാകുന്ന പുതിയ ചിത്രമാണിത്. രാഹുൽ സദാശിവനാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന അനുഭവമായിരിക്കും ചിത്രമെന്ന് പ്രചാരണ സാമഗ്രികളിൽ നിന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് 'ഡീയസ് ഈറേ' നിർമ്മിക്കുന്നത്. 'എ' സർട്ടിഫിക്കറ്റ് ലഭിച്ചതോടെ, ചിത്രത്തിന്റെ ഉള്ളടക്കം മുതിർന്ന പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നും സൂചനയുണ്ട്.